അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി ഉടന്‍ പ്രഖ്യാപിച്ചേക്കും. 182 സീറ്റുകളിലേക്കായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കോണ്‍ഗ്രസോ ബിജെപിയോ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഇന്നലെ അമിത് ഷാ അടക്കമുള്ള ഉന്നത ബിജെപി നേതാക്കള്‍ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 150-ഓളം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതായാണ് സൂചന. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് നിലവില്‍ 121 എംഎല്‍എമാരാണുള്ളത്. ഇതില്‍ 35 എംഎല്‍എമാര്‍ക്ക് ഇക്കുറി മത്സരിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഇതില്‍ ആറ് സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടും.
തങ്ങളുടെ പേര് സ്ഥാനാര്‍ഥി പട്ടികയിലുണ്ടോ എന്നറിയാന്‍ എംഎല്‍എമാര്‍ പലരും അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും ഇതേക്കുറിച്ച് കൃത്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. നരേന്ദ്രമോദി ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് മാറിയ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 150 സീറ്റും ജയിക്കണമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിയിരുന്നു നിര്‍ദേശം.
