തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ചു വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ബിജെപി സംസ്ഥാന നേതാക്കള്‍ അറിയിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കണമെന്നു നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെടും.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കണ്ണൂര്‍ ജില്ലയിലടക്കം നടന്ന സിപിഎം-ബിജെപി സംഘര്‍ഷങ്ങള്‍ ഭരണകക്ഷിക്കെതിരെ ആയുധമാക്കാനാണു ബിജെപി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായില്‍ ജൂണ്‍ എട്ടിനു നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ബിജെപി എംപി മീനാക്ഷി ലേഖി പങ്കെടുക്കും. ജൂണ്‍ 11നു തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സംസാരിക്കും.

കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നു വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് മുമ്പാകെ വയ്ക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുമ്മനം രാജശേഖരന്‍ നിശിതമായി വിമര്‍ശിച്ചു.

റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കു പ്രാതിനിധ്യം നല്‍കുന്ന കാര്യം കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനു മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കേരള നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി. ഭാവി പരിപാടികള്‍ ആലോചിക്കാന്‍ അമിത്ഷാ ഉടന്‍ കേരളത്തിലെത്തും.