തിരുവനന്തപുരം: മലപ്പുറത്ത് പുതിയ വോട്ടുകള്‍ സമാഹരിക്കാനായില്ലെന്ന വിമര്‍ശനവുമായി ബിജെപി പ്രമേയം. സംസ്ഥാന കമ്മിറ്റി യോഗത്തിലവതരിപ്പിച്ച പ്രമേയത്തിലാണ് സ്വയം വിമര്‍ശനമുള്ളത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടേത് രാഷ്ട്രീയ വിജയമല്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

മലപ്പുറം തോല്‍വിയെച്ചൊല്ലി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തിനും ഭാരവാഹി യോഗത്തിലും ഉയര്‍ന്ന വലിയ വിമര്‍ശനങ്ങള്‍ക്ക് ശേഷം ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് വന്‍ മുന്നേറ്റമുണ്ടാക്കാനായില്ലെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായി പ്രമേയം അവതരിപ്പിച്ചത്. നാലു പേജുള്ള രാഷ്ട്രീയ പ്രമേയത്തില്‍, ബി ജെ പിയുടെ മലപ്പുറത്തെ പ്രകടനത്തെക്കുറിച്ച് മൂവ്വു വരികള്‍ മാത്രമാണുള്ളത്. ബി ജെ പിക്ക് പുതിയ വോട്ടുകള്‍ കുറച്ചേ സമാഹരിക്കാനായുള്ളു. പക്ഷേ അടിസ്ഥാന വോട്ടുകള്‍ ഭദ്രമാണെന്നത് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും പ്രമേയം പറയുന്നു. യു ഡി എഫിന്റേത് രാഷ്ട്രീയ വിജയമല്ലെന്നും, ടി കെ ഹംസക്ക് ശേഷം എന്തുകൊണ്ട് മലപ്പുറം ബാലികേറാ മലയാകുന്നെന്ന് എല്‍ ഡി എഫ് പരിശോധിക്കണണെന്നും പ്രമേയത്തിലുണ്ട്. ലീഗിന്റെ അപ്രമാദിത്തത്തെ മറികടക്കാന്‍ തീവ്രവാദികളെ പോലും കൂട്ടുപിടിക്കാനാണ് സി പി എം ശ്രമിച്ചത് എന്നും പ്രമേയം പറയുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്റെ നിലപാടുകളാണ് മലപ്പുറത്തെ ബി ജെ പിയുടെ ദയനീയ പ്രകടനത്തിന് കാരണമെന്ന് ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും, ഭാരവാഹി യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കുമ്മനം ഭാരവാഹി യോഗത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സമിതി യോഗത്തിലും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി രൂക്ഷമായ വിമര്‍ശനങ്ങളുണ്ടൈന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ് വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായി പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സമിതി യോഗം ദേശീയ സെക്രട്ടറി എച്ച് രാജ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗങ്ങള്‍ വൈകീട്ട് സമാപിക്കും.