തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ബിജെപി തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളെ ശബരിമലയിലേക്ക് അയക്കും. ശബരിമല വിഷയത്തെ രാഷ്ട്രീയമായി അനുകൂലമാക്കാനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ പാര്‍ട്ടി അദ്ധ്യക്ഷൻ അമിത്ഷാ സംസ്ഥാന നേതാക്കൾക്ക് നിര്‍ദ്ദേശം നൽകി.

ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ ഇന്നലെ ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. അയോദ്ധ്യപോലെ വലിയ രാഷ്ട്രീയ മുന്നേറ്റ സാധ്യത ദക്ഷിണേന്ത്യയിൽ ശബരിമലയിലൂടെ ബി.ജെ.പി കാണുന്നു. കേരളത്തിൽ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ശബരിമല പ്രക്ഷോഭം വ്യാപിപ്പിക്കും. ഇതിനുള്ള നിര്‍ദ്ദേശം സംസ്ഥാന ഘടകങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ഇന്നലെ അമിത്ഷാ ശ്രീധരൻപിള്ളയെ അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനെ അപമാനിച്ചുവെന്ന് ആരോപിച്ച് കന്യാകുമാരിയിൽ ഹര്‍ത്താൽ ആചരിക്കുന്നതും ഈ നീക്കത്തിന്‍റെ ഭാഗമാണ്. കേന്ദ്ര മന്ത്രി സദാനന്ദഗൗഡയും അടുത്ത ദിവസങ്ങളിൽ ശബരിമലയിൽ എത്തും.

ശബരിമല പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത ബിജെപി നേതാക്കൾ പറയുന്നത്. ഓര്‍ഡിനൻസ് ഉൾപ്പടെയുള്ള ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിനൊന്നും കേന്ദ്രം ശ്രമിക്കില്ല. എന്നാൽ പരമാവധി ശബരിമലയെ രാഷ്ട്രീയമായി അനുകൂലമാക്കാനുള്ള ഇടപടെലുകൾ നടത്തും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പുവരെ ആചാരണ സംരക്ഷണ വിഷയം ചര്‍ച്ചയാക്കികൊണ്ടുപോകും. ഇതിനുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പുവരുത്താൻ മുരളീധര്‍ റാവു ഉൾപ്പടെയുള്ള നേതാക്കളെ അമിത്ഷാ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.