അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം

മഹാരാഷ്ട്ര: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ഉയര്‍ന്ന ചായ അഴിമതി ആരോപണം ആയുധമാക്കി സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം.

സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോളാണ് ഈ ധൂര്‍ത്ത് നടക്കുന്നതെന്ന് കോണ്‍ഗസ്സ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിരോധത്തിലായ ഫഡ്‌നാവിസ് സര്‍ക്കാരിന്, തുടരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ എലികളെ കൊല്ലാന്‍ സ്വകാര്യ കമ്പനിക്ക് ലക്ഷങ്ങളുടെ കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ബിജെപിയുടെ തന്നെ മുന്‍ മന്ത്രി ഏക്നാഥ് ഖഡ്സെ ആരോപിച്ചിരുന്നു. 

അതിന് പിന്നാലെയാണ് ചായ അഴിമതി ആരോപണം. 2016 ല്‍ 58 ലക്ഷം ചെലവായ ഇടത്ത് 20-17ല്‍ ചായ കുടിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവാക്കിയത് 3.34 കോടി രൂപ. 18,591 കപ്പ് ചായ കുടിച്ചെന്ന് വിവാരാവകാശ രേഖ തന്നെ വ്യക്തമാക്കുന്നു. 

വിശ്വാസ്യത ഉള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ചടങ്ങുകള്‍ക്കായി വാങ്ങിയ പൂച്ചെണ്ട്, ഷാളുകള്‍, തുടങ്ങിയവയുടെ ചെലവും കൂടി ഉള്‍പ്പെടുത്തിയ കണക്കാണ് ഇതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. വിശദീകരണം മുഖവിലയ്‌ക്കെടുക്കാത്ത പ്രതിപക്ഷം ദേശീയ തലത്തില്‍, ബിജെപിയെ അടിക്കാനുള്ള വടിയായി ആരോപണത്തെ ഉപയോഗിക്കുകയാണ്.