കരിമ്പനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കൊല്ലം: കരിമ്പനി സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില് പ്രതിരോധ പ്രവര്ത്തനങ്ങള് തുടങ്ങി. ജില്ലാ പ്രാണിജന്യ രോഗനിവാരണ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്ത്തനങ്ങള്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ പതിനേഴംഗ സംഘം രണ്ട് ടീമായി തിരിഞ്ഞാണ് വില്ലുമല കോളനിയില് പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തുന്നത്. രോഗാണുവാഹിയായ മണലീച്ചയെ നശിപ്പിക്കാനുള്ള ലായനി പ്രദേശത്തെ വീടുകളില് സ്പ്രെ ചെയ്ത് വരികയാണ്. രണ്ട് ദിവസത്തിനുള്ളില് ഇത് പൂര്ത്തിയാകും.
മഴ മാറിയാലുടന് പ്രദേശത്ത് ഫോഗിംഗ് നടത്തും. ആരോഗ്യ വകുപ്പിലെയും തിരുവനന്തപുരം മെഡിക്കല് കോളേജിലെയും വിദഗ്ധ ഡോക്ടര്മാരുടെ നേതൃത്വത്തില് വരും ദിവസങ്ങളില് മെഡിക്കല് ക്യാംപ് നടത്തും. ചികിത്സയില് കഴിയുന്ന ഷിബുവിന്റെ നില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്മാര് അറിയിച്ചു.
വനവിഭവങ്ങള് ശേഖരിക്കാന് കാട്ടില് പോയപ്പോഴാണ് ഷിബുവിന് രോഗം പിടിപെട്ടതെന്നാണ് ആരോഗ്യ പ്രവര്ത്തകരുടെ വിലയിരുത്തല്. മണലീച്ച കടിച്ച് ഒരു വര്ഷം വരെ രോഗം വരാനുള്ള സാധ്യതയുള്ളതിനാല് ലക്ഷണങ്ങള് കണ്ടാലുടന് ചികിത്സ തേടണമെന്ന് ഡോക്ടര്മാര് അറിയിച്ചു
