ആലപ്പുഴ: കായംകുളം കായല്‍ ആഴം കൂട്ടുന്നതിന്‍റെ മറവില്‍ സ്വകാര്യ കമ്പനി നടത്തിയത് വന്‍ കരിമണല്‍ ഖനനം. കായംകുളം പവലിയന്‍ മുതല്‍ ദേശീയ ജലപാത വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം ഒന്നര മീറ്റര്‍ ആഴത്തില്‍ കുഴിക്കണമെന്നതിന്‍റെ മറവില്‍ സൂര്യകിരണ്‍ സോഫ്റ്റ് വെയര്‍ ടെക്നോളജീസ് കുഴിച്ചെടുത്ത് കടത്തിയത് കോടികള്‍ വിലമതിക്കുന്ന കരിമണലാണ്. കോടികളുടെ കരിമണല്‍ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയും ഇതുവരെ വരെ ഉണ്ടായിട്ടില്ല.
കായംകുളം കായലില്‍ ഇരുപത് മുതല്‍ 90 ശതമാനം വരെ ധാതുനിക്ഷേപമുണ്ടെന്ന് ഐആര്‍ഇഎല്‍ എന്ന പൊതുമേഖലാ സ്ഥാപനം പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷം മുമ്പ് കായംകുളം കായലില്‍ ഖനനത്തിന് അനുമതി തേടി ഐആര്‍ഇഎല്‍ ആലപ്പുഴ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല.
അങ്ങനെയിരിക്കെയാണ് കായംകുളം പവലിയന്‍ മുതല്‍ ദേശീയ ജലപാത വരെയുള്ള നാലുകിലോമീറ്റര്‍ ദൂരം ഒന്നരകിലോമീറ്റര്‍ ആഴത്തില്‍ മണലും ചെളിയും നീക്കാനുള്ള തീരുമാനമെടുക്കുന്നതും സൂര്യകിരണ്‍ സോഫ്റ്റ് വെയല്‍ ടെക്നോളജീസ് എന്ന കമ്പനിയെ ഏല്‍പിക്കുന്നതും. എന്നാല്‍ കായലില്‍ നിന്നും നീക്കം ചെയ്യുന്ന മണല്‍ വില്‍ക്കാമെന്ന വിചിത്ര ഉത്തരവും ഈ കമ്പനി നേടിയെടുത്തു.
പിന്നീടങ്ങോട്ട് കൂറ്റന്‍ ഡ്രഡ്ജിംഗ് യന്ത്രങ്ങള്‍ സ്ഥാപിച്ചുള്ള ഖനനമായിരുന്നു നടന്നത്. ഏറ്റവും കൂടുതല്‍ ധാതുനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ സ്ഥലത്ത് മാത്രമായി പിന്നീട് കുഴിക്കല്‍. ഒന്നര മീറ്റര്‍മാത്രം കുഴിക്കാനുള്ള അനുമതിയില്‍ ഏഴും എട്ടും ഒമ്പതും മീറ്റര്‍വരെ കുഴിച്ച് മണലെടുത്തു. ഈ മണല്‍ കയ്യേറിക്കെട്ടിയ ഈ സ്ഥലത്ത് വച്ച് വേര്‍തിരിക്കും. ഇതില്‍ ഏറ്റവും മികച്ചത് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി കൂറ്റന്‍ ലോറികളില്‍ രാത്രി കടത്തുകയായിരുന്നു. സംഭവം മനസ്സിലാക്കിയ നാട്ടുകാര്‍ സംഘടിച്ചതോടെയാണ് തല്‍ക്കാലം ഖനനം നിര്‍ത്തിവെച്ചത്.
ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറഞ്ഞവര്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും വെറും മുന്നൂറ് മീറ്ററില്‍ കിടന്നു ഇഴയുന്നു. ലക്ഷ്യം കരിമണല്‍ തന്നെയെന്നു വ്യക്തം.
