തിരുവനന്തപുരം: കാഞ്ഞിരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലും ബ്ളാക്ക് സ്റ്റിക്കർ ഭീതി. പത്തോളം വീടുകളുടെ ജനാലകളില്‍ കറുത്ത സ്റ്റിക്കറുകൾ കണ്ടെത്തി. ഗ്ലാസുകളിൽ കമ്പനി ഒട്ടിക്കുന്ന സ്റ്റിക്കറുകളാണ് ചിലതെന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കൊല്ലക്കോണത്ത് ബിന്ദുവിന്‍റെ വീട്ടിലെ ജനാലയിൽ രണ്ടു സ്റ്റിക്കറുകൾ കണ്ടെത്തിയത്.

വീട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് കാഞ്ഞിരംകുളം പോലീസ് എത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം മിക്സി വിൽക്കാന്‍ അന്യസംസ്ഥാനക്കാര്‍ വീട്ടിൽ എത്തിയിരുന്നതായി ബിന്ദു പറഞ്ഞു. വീട്ടിൽ നാലു വയസുള്ള കുട്ടിയുള്ളതും ഇവരെ പരിഭ്രാന്തരാക്കുന്നുണ്ട്. ഇവിടെ പരിശോധന നടത്തവെയാണ് കാഞ്ഞിരംകുളം മൃഗാശുപത്രിയിൽ നിന്നും പോലീസിന് വിളിയെത്തുന്നത്. 

ഇവിടെ കെട്ടിടത്തിന് അകത്താണ് സ്റ്റിക്കറുകൾ ഒട്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ അഞ്ചു ജനൽ പാളികളിൽ സ്റ്റിക്കറുകൾ കണ്ടെത്തി. ആശുപത്രിക്ക് സമീപ പ്രദേശങ്ങളിലെ ചില വീടുകളിലും ജനാലകളിൽ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. ഇവയിൽ ചിലത് കമ്പനിയിൽ നിന്നും ഗ്ലാസിൽ ഒട്ടിച്ചു വരുന്ന കറുത്ത സ്റ്റിക്കറുകൾ ആണെന്നാണ് പോലീസ് നിഗമനം. ബ്ലാക്ക് സ്റ്റിക്കര്‍ ഭീതിയില്‍ പരിശോധന നടത്തുമ്പോള്‍ വീട്ടുകാര്‍ ശ്രദ്ധിക്കാതെ പോയവ പിന്നീട് കണ്ടെത്തുന്നതാകാമെന്നും പൊലീസ് പറയുന്നു.

 സ്റ്റിക്കറുകൾ നീക്കം ചെയ്യാനും വീട്ടുകാരോട് ജാഗ്രത പാലിക്കാനും പൊലീസ് നിർദേശം നൽകി. സംശയ സഹചര്യത്തിൽ ആരെ കണ്ടാലും പൊലീസില്‍ വിവരമറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ നിലവിലെ സാഹചര്യം മുതലാക്കി ഭീതി പരത്തുന്ന ഏതെങ്കിലും സംഘമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.