വ്യാഴാഴ്ചയാണ് സി-ഡിറ്റ് ജീവനക്കാരനായിരുന്ന മഹേഷിനെ അറസ്റ്റ് ചെയ്തത്. ഒരു നിയമവിദ്യാർത്ഥിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. തന്‍റെ ശരീരദൃശ്യങ്ങൾ അശ്ലീലസൈറ്റിൽ ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു പെൺകുട്ടി പരാതി നൽകിയത്

തിരുവനന്തപുരം: സ്ത്രീകളുടെ ശരീരദൃശ്യങ്ങൾ പകർത്തി അശ്ളീല വെബ് സൈറ്റുകളിൽ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത
സിഐയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. സി ഡിറ്റിലെ മുൻ ജീവനക്കാരനായ യുവാവിനെ കുറിച്ച് കൂടുതൽ
അന്വേഷണത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം കൻറോൺമെന്റ് പൊലീസ്.

വ്യാഴാഴ്ചയാണ് സി-ഡിറ്റ് ജീവനക്കാരനായിരുന്ന മഹേഷിനെ അറസ്റ്റ് ചെയ്തത്. ഒരു നിയമവിദ്യാർത്ഥിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. തന്‍റെ ശരീരദൃശ്യങ്ങൾ അശ്ലീലസൈറ്റിൽ ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു പെൺകുട്ടി പരാതി നൽകിയത്. സൈബർ സെല്ലിൻറെയും ഷാഡോ പൊലീസിൻറെയും സഹായത്തോടയാണ് മഹേഷിനെ പിടികൂടിയത്.

വ്യാജമേൽവിലാസത്തിലായിരുന്നു ചിത്രങ്ങൾ അപ് ലോഡ് ചെയ്തിരുന്നത്. പൊലീസിൻറെ ചോദ്യം ചെയ്യലിൽ കൂടുതൽ പേരുടെ ദൃശ്യങ്ങൾ ഈ രീതിയിൽ പ്രചരിപ്പിച്ചതായി യുവാവ് സമ്മതിച്ചിരുന്നു. എന്നാൽ അറസ്റ്റ് ചെയ്ത അന്ന് തന്നെ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. പിന്നാലെ അറസ്റ്റ് ചെയ്ത കൻറോൺമെന്റ് സിഐ എം പ്രസാദിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിയതോടെസംഭവത്തിനറെ ദുരൂഹതയേറി.

മഹേഷിന് ഉന്നതരാഷ്ട്രീയ ബന്ധമുണ്ടെന്നാണ് വിവരം. മഹേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സൈബർ വിഭാഗത്തിന് വേണ്ടിയും പ്രവർത്തിച്ചിരുന്നതായി ചില വെബ് സൈറ്റുകൾ റിപ്പോർട്ട് ചെയ്തുവെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവംവലിയ ചർച്ചയായതിന് പിന്നാലെ സിഐയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. അന്വേഷണം കൂടുതൽ നടക്കേണ്ടതുണ്ടെന്നും സ്ഥലംമാറ്റത്തെകുറിച്ച് പ്രതികരിക്കാനില്ലെന്നും സിഐ എം പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.