ദില്ലി: തായ്‌ലാന്‍ഡില്‍ നിന്നുള്ള വനിതകളെ ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകളുടെ എണ്ണം ഇന്ത്യയില്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗളൂരു, മുബൈ മെട്രോ സിറ്റികളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തായ് എംബസിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 40 തായ് വനിതകളെയാണ് ഇത്തരം ഇടങ്ങളില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്. തായ് സ്ത്രീകള്‍ക്കു പുറമെ ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള സ്ത്രീകളെയും ലൈംഗിക കച്ചവടങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

നിരക്ഷരരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുമുള്ള സ്ത്രീകളാണ് തായ്‌ലാന്‍ഡില്‍ നിന്ന് മസാജ് പാര്‍ലറുകളില്‍ ജോലിക്കെത്തുന്നത്. എന്നാല്‍ പലരെയും ലൈംഗിക കച്ചവടത്തിനായി ഉടമകള്‍ ഉപയോഗിക്കുകയാണെന്ന് പോലീസ് പറയുന്നു.

തായ്‌ലാന്‍ഡില്‍ നിന്ന് കിട്ടുന്നതിന്‍റെ ഇരട്ടി തുക ഇന്ത്യയില്‍ നിന്ന് ഇവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും എന്നതാണ് ഇവരെ ഇന്ത്യയിലേക്ക് നയിക്കുന്നത്. മാത്രമല്ല മസ്സാജ് പാര്‍ലര്‍ ആശ്രയിക്കുന്ന പുരുഷന്‍മാര്‍ തായ് വനിതകളെ ആവശ്യപ്പെടുന്ന പ്രവണതയും കൂടുന്നുണ്ടെന്ന് എന്നാണ് ഇത് സംബന്ധിച്ച് പഠനവും, പുനരധിവാസവും നടത്തുന്ന സേവ് ചൈല്‍ഡ് ഇന്ത്യ എന്ന ഓര്‍ഗനൈസേഷന്‍ പറയുന്നത്.