അഗര്‍ത്തലയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ദിലീപ് കുമാർ സാഹയാണ് അധ്യാപകരുടെ സമ്മർദ്ധം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അഗര്‍ത്തല: കാമുകി രാഖികെട്ടുന്നതിന് നിര്‍ബന്ധിച്ച അധ്യാപകരിൽനിന്നും രക്ഷപ്പെടുത്തതിനായി 18കാരന്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. അഗര്‍ത്തലയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ദിലീപ് കുമാർ സാഹയാണ് അധ്യാപകരുടെ സമ്മർദ്ധം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രക്ഷാബന്ധന്‍ ദിവസം കഴിഞ്ഞ് പിറ്റേന്ന് രക്ഷിതാക്കളെ സ്കൂളിൽ കൂട്ടികൊണ്ടുവരാൻ ദിലീപ്കുമാര്‍ സാഹയോടും കാമുകിയോടും പ്രിൻസിപ്പാളും അധ്യാപകരും ആവശ്യപ്പെട്ടു. ഇരുവരുടെയും പ്രണയബന്ധം അറിഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടത്. രക്ഷകര്‍ത്താക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിൽ ദിലീപിന്‍റെ കൈയിൽ രാഖി കെട്ടാന്‍ അധ്യാപകര്‍ പെണ്‍കുട്ടിയെ നിർബന്ധിച്ചു.
ഇരുവരും പ്രണയബന്ധം ഉപേക്ഷിച്ച് സഹോദരീ സഹോദരന്‍മാരായി തുടരാനാണ് രാഖി കെട്ടണമെന്ന നിബന്ധന അധ്യാപകര്‍ മുന്നോട്ടു വെച്ചത്. എന്നാൽ ഇരുവരും രാഖി കൊട്ടൻ തയ്യാറായിരുന്നില്ല. തുടർന്ന് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ദിലീപ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഒാടുകയും കയറി താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരവാദികളായ പ്രിൻസിപ്പാളിനെയും അധ്യാപകരേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
