ദുബായ്: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം യുഎഇയുടെ സാമ്പത്തികരംഗത്തെ കാര്യമായി ബാധിക്കില്ലെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ബ്രിട്ടന്റെ തീരുമാനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തികരംഗത്തെ ചലനങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ബാങ്ക് അധികൃതര്‍ പറഞ്ഞു.

ബ്രെക്സിറ്റ് ഫലം ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തികരംഗത്ത് സ്വാധീനമുണ്ടാക്കുമെന്ന ആശങ്ക സജീവമായ സാഹചര്യത്തിലാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. ബ്രിട്ടന്റെ ധനകാര്യ ശൃംഗലയുമായി ബന്ധപ്പെട്ടുകിടക്കുന്നതല്ല യുഎഇയുടെ ധനകാര്യ മേഖല അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനം രാജ്യത്തിന്‍റെ സാമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ശൃഷിടിക്കില്ലെന്നും സെന്‍റ്രല്‍ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ബാങ്കുകള്‍ക്കും യുകെ ശൃംഗലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ടി വരുന്നില്ല മാത്രമല്ല വിദേശത്തെ ഇന്‍റര്‍ ബാങ്ക് മേഖലയില്‍ യുഎഇ ബാങ്കുകള്‍ക്ക് സ്ഥിരതയുള്ള പശ്ചാതലത്തില്‍ ആശങ്കയിക്ക് വകയില്ലെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ലോകത്തെ മറ്റേത് സെന്‍ട്രല്‍ ബാങ്കുകളെയും പോലെ ബ്രിട്ടന്റെ തീരുമാനമുണ്ടാക്കുന്ന സാമ്പത്തിക ചലനങ്ങളെ യു.എ.ഇ സെന്‍ട്രല്‍ ബാങ്കും നിരീക്ഷിച്ചുവരികയാണ്.അവയില്‍ യു.എ.ഇയില്‍ ബാധിക്കുന്ന സംഭവവികാസങ്ങള്‍ ഉരുത്തിരിയുന്നുണ്ടോ എന്ന് പ്രത്യേകം നിരീക്ഷിക്കുമെന്നും യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ രാജ്യത്തേക്കുള്ള യൂറോപ്യൻ സന്ദർശകരുടെ എണ്ണം കുറയുന്നതു വിനോദസഞ്ചാര രംഗത്തു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എണ്ണവിലയിടിവും രാജ്യാന്തര സാമ്പത്തിക മാന്ദ്യവും ടൂറിസം രംഗത്തിന്റെ തിളക്കം നേരത്തെതന്നെ കുറച്ചിരുന്നു.