കൈക്കൂലി മടക്കി നല്‍കിയത് നിയമപരമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പൊലീസ് ഡ്രൈവറെക്കൂടാതെ ഡ്രൈവറുടെ മൂന്നു സുഹൃത്തുക്കളും ഇടനിലക്കാരായി  

കൊച്ചി: ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനും കേസില്‍ നിന്നും രക്ഷപെടുത്താനും ആവശ്യപ്പെട്ട കൈക്കൂലി മടക്കി നല്‍കിയത് നിയമപരമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോളെന്ന് വെളിപ്പെടുത്തല്‍.ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്റേതാണ് വെളിപ്പെടുത്തല്‍. അഭിഭാഷകന്‍റെ ഇടപെടലിലാണ് കൈക്കൂലിപ്പണം തിരികെ നല്‍കിയത്. കഴിഞ്ഞ 27 ന് രാത്രി കൈക്കൂലിക്കാര്യം അഭിഭാഷകന്‍ അറിഞ്ഞത്. 

അന്നുതന്നെ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവറുടെ സുഹൃത്തിനെ വിളിച്ചു കൈക്കൂലിപ്പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 28 ന് രാവിലെ പണം മടക്കി ലഭിച്ചുവെന്നും ഇദ്ദേഹം പറയുന്നു. ശ്രീജിത്തിന്റെ മരണശേഷം പത്തൊമ്പത് ദിവസം കൈക്കൂലി വിവരം പുറം ലോകമറിഞ്ഞില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. പൊലീസ് ഡ്രൈവറെക്കൂടാതെ ഡ്രൈവറുടെ മൂന്നു സുഹൃത്തുക്കളും കൈക്കൂലിയ്ക്ക് ഇടനിലക്കാരായിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. 

കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനും കേസില്‍ നിന്നും രക്ഷപെടുത്താനും പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്‍റെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.