മാവേലിക്കര: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും അച്ഛനമ്മമാരെയും ആറുവര്‍ഷം തടവിനും 1,60,000 രൂപ പിഴയടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചു. മാവേലിക്കര പൊന്നേഴ കോയിക്കലേത്ത് പുത്തന്‍വീട്ടില്‍ മാത്യുവിന്റെ മകള്‍ റീന (23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മാവേലിക്കര അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടെ വിധി.

2009 ഏപ്രില്‍ 11 നാണ് റീനയെ ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് റീനയുടെ അച്ഛന്‍ മാത്യു കുറത്തികാട് പൊലീസില്‍ പരാതി നല്‍കിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീധനത്തിനായി റീന പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരം പുറത്തറിഞ്ഞത്. ഭര്‍ത്താവ് പത്തനംതിട്ട മഞ്ഞനിക്കര തറയില്‍ സാജന്‍ (37), ഇയാളുടെ അച്ഛന്‍ രാജു ( 69 ), അമ്മ കുഞ്ഞുമോള്‍ (65) എന്നിവര്‍ക്കാണ് ശിക്ഷ. 

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും റീനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കാട്ടിയായിരുന്നു പരാതി. അന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി യായിരുന്ന ബി. രവീന്ദ്രപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസിലാണ് വിധി. വിവാഹം കഴിഞ്ഞ് ഒന്‍പതുമാസത്തിനകമായിരുന്നു റീനയുടെ മരണം.