ബീഹാര്‍: ബീഹാറില്‍ തുടരുന്ന കാറ്റിലും മഴയിലുമായി നിരവധി പേര്‍ മരിച്ചു. എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ ഭയാനകത വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. പാലം തകര്‍ന്ന് ഒരു പെണ്‍ കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ ഒഴുകി പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 പാട്‌നയില്‍ നിന്നും മുന്നൂറു കിലോമീറ്റര്‍ അകലെ അറാരിയിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. കനത്ത മഴയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാനായി പാലത്തിന് മുകളിലൂടെ ഓടിവരുന്നതിനിടെയാണ് പാലം തകര്‍ന്ന് ഇവര്‍ ഒഴുകിപോയത്. നിരവധിപേര്‍ ഈ പാലത്തിലൂടെ രക്ഷപ്പെടുന്നതും ഈ വീഡിയോയിലൂടെ കാണാം. 

 ബീഹാറില്‍ ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 20 അറാരി ജില്ലയില്‍ മാത്രം മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയും ആര്‍മി സംഘങ്ങളും സ്ഥലത്തുണ്ട്. 

 15 ജില്ലകളിലായി 93 ലക്ഷത്തിലധികം ജനങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. പട്‌ന, ഗയ, ഭഗല്‍പൂര്‍, പൂര്‍ണിയ എന്നി ജില്ലകളിലും മഴ പെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.