അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ പാലം പണം ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് സൈന്യം അറിയിച്ചു. എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു. പമ്പാ തീരത്ത് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് വലിയ കെട്ടിടം നിര്‍മ്മിക്കില്ല. നിലയ്ക്കലിനെ ബേസ് സ്റ്റേഷനായി നിര്‍ത്തും. പമ്പാ ത്രിവേണിയിലേക്ക് തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ മാത്രമേ കൊണ്ടുവരികയുള്ളുവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

പമ്പ:പ്രളയത്തിൽ തകർന്ന പമ്പയെ ശബരിമലയുമായി ബന്ധിപ്പിക്കാൻ കരസേന രണ്ട് ബെയ്ലി പാലം നിർമ്മിക്കും. പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചത്. അടുത്ത മണ്ഡലകാലത്തിന് മുൻപ് പമ്പയെ പൂർവ്വ സ്ഥിതിലാക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.

പ്രളയകെടുതിയിൽ തകർന്ന പമ്പ ത്രിവേണിയിലേക്ക് രണ്ട് ബെയിലി പാലങ്ങളാണ് കരസേന നിർമ്മിക്കുക. ഒന്ന് കാൽനടയായി പോകാൻ കഴിയുന്നതും രണ്ടാമത്തേത് ആമ്പുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാനുള്ളതുമായിരിക്കും. എത്രയും വേഗത്തിൽ നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്ന് യോഗത്തിൽ സേനയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മേജർ ആശിഷ് ഉപധ്യായ അറിയിച്ചു.

അടുത്ത മാസ പൂജക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കും. പ്രാരംഭ നടപടികൾ ഇതിനകം തുടങ്ങി. പുതിയ നിർമ്മാണങ്ങളൊന്നും പമ്പാ നദി തീരത്ത് നടത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തകർന്ന റോഡുകൾ ഉടൻ പുനർ നിർമ്മിക്കും .നിലവിലെ സാഹചര്യത്തിൽ ശബരിമല മാസ്റ്റർ പ്ളാനിൽ മാറ്റം വരുത്തണോ എന്നത് ഉന്നതാധികാര സമിതിയുമായി ചർച്ച ചെയ്യും.

പമ്പ ത്രിവേണിയിൽ താത്കാലിക കെട്ടിടങ്ങളിൽ തീർത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കും. ശുദ്ധജലം നിലക്കലിലും പമ്പയിലും വിതരണം ചെയ്യും. അടുത്ത തീർത്ഥാടന കാലത്ത് നിലക്കലിനെ പൂർണ ബേസ് സ്റ്റേഷനാക്കി മാറ്റി തീർത്ഥാടകരെ കെഎസ്ആര്‍ടിസി ബസ്സിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രളയത്തിൽ 300 ഓളം ക്ഷേത്രങ്ങൾ തകർന്നുവെന്നാണ് തിരുവിതാം കൂർ ദേവസ്വം ബോർഡിന്‍റെ കണക്കുകൾ. ഇതെല്ലാം പുനർനിർമ്മാണത്തിന് പ്രത്യേക അക്കൗണ്ട് ആരംഭിച്ച് ഭക്തരിൽ നിന്ന് പണം ശേഖരിക്കാനും ബോർഡ് നടപടി തുടങ്ങി.