1960കളില്‍ ബീഡിക്കമ്പനികളിലെ തൊഴിലില്ലായ്മ പ്രശ്നം മുതല്‍ ആധിപത്യത്തിനായി വാളെടുത്ത് തുടങ്ങിയ ചോരയുടെ രാഷ്‌ട്രീയത്തിന് അവസാനമില്ലെന്ന് കണ്ണൂര്‍ വീണ്ടും തെളിയിക്കുകയാണ്. പട്ടാപ്പകല്‍ ആളുകളുടെ മുന്നില്‍ വെച്ചും വീട്ടില്‍ക്കയറിയും ക്രൂരമായി വെട്ടികൊല്ലുന്ന ശൈലിക്ക് ഇടക്കാലത്തുണ്ടായ ഇടവേള അവസാനിക്കുന്നുവെന്നാണ് കഴിഞ്ഞ നാല് മാസത്തെ കൊലപാതകങ്ങള്‍ നല്‍കുന്ന വലിയ ആശങ്ക. കേസുകളില്‍ നിര്‍ണായകമാകാവുന്ന ദൃക്‌സാക്ഷി മൊഴികള്‍ ഒഴിവാക്കാനായിരുന്നു രാത്രിയിലെ വാളെടുക്കല്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാതിരിയാടും പിണറായിയിലും നടന്നവ ഇരുളിന്റെ മറവില്‍ നിന്ന് മാറി പട്ടാപ്പകല്‍ ജോലി സ്ഥലങ്ങളില്‍ വെട്ടിവീഴ്ത്തുന്നതിലേക്കെത്തി. പൊലീസ് ജാഗ്രതക്കിടയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയുള്ള കൊലകള്‍ നിയമവാഴ്ച്ചയെ ഭയമില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ഒപ്പം പരസ്‌പര രാഷ്‌ട്രീയ വൈരത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് അക്രമികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും.
എസ് കത്തിയില്‍ തുടങ്ങി വടിവാളും കൊടുവാളും ഇരുമ്പുപൈപ്പുകളും മഴുവും ഉഗ്രശേഷിയുളള നാടന്‍ ബോംബുകളും സ്റ്റീല്‍ ബോംബുകളും ഇവയില്‍പ്പെടും. പ്രാകൃത രീതിയില്‍ നിര്‍മ്മിച്ച പൊലീസിന് പോലും പേരറിയാത്ത ആയുധങ്ങള്‍ വേറെ. നാട് മുന്നേറുമ്പോഴും കണ്ണൂരിന്റെ രാഷ്‌ട്രീയ സ്വഭാവം മാറാത്തതെന്തെന്ന ചോദ്യമാണുയരുന്നത്. ജൂലൈയില്‍ പയ്യന്നൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് ശേഷം ജില്ലാ കളക്ടര്‍ സമാധാനയോഗം വിളിച്ച് രണ്ട് മാസത്തിനുളളില്‍ മൂന്ന് കൊലപാതകങ്ങളാണ് പിന്നെയും നടന്നത്. ശക്തമായ നടപടികളെടുക്കാന്‍ പൊലീസ് തുനിഞ്ഞാലുടന്‍ പാര്‍ട്ടികള്‍ ബലപ്രയോഗം നടത്തുന്ന കണ്ണൂരിലെ സ്ഥിരം കാഴ്ചക്കും മാറ്റമൊന്നുമില്ല. പ്രതികള്‍ക്കായി പൊലീസ് സ്റ്റേഷന്‍ ഉപരോധമെല്ലാം പതിവ് രീതിയാണിവിടെ. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കണ്ണൂര്‍ കഥയ്‌ക്ക് അര നൂറ്റാണ്ട് തികയുന്നു. നിയമവാഴ്ചയെ വെല്ലുവിളിച്ചുളള നിഷ്‌ഠൂര കൊലകള്‍ എന്നവസാനിക്കുമെന്ന ചോദ്യം ആവര്‍ത്തിച്ച് മടുക്കുകയാണ്.
