ദുബായ്: ഇന്ത്യയുടെ അറുപത്തിയെട്ടാം റിപബ്ലിക് ദിനമാഘോഷത്തോട് അനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. ബുധനാഴ്ചയും ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ വ്യാഴാഴ്ചുമാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണ നിറത്തില്‍ കാണാനാകുക. രണ്ട് ദിവസവും വൈകിട്ട് 6.15, 7.15, 8.15 എന്നീ സമയങ്ങളിലാണ് ഇന്ത്യൻ ദേശീയ പതാകയുടെ നിറം എൽഇഡി വെളിച്ചമുപയോഗിച്ച് കെട്ടിടത്തില്‍ പ്രതിഫലിപ്പിക്കുക.
ഇന്ത്യയിലെ റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ്വസൈന്യാധിപനുമായ ഷേക്ക് മുഹമ്മദ് ബിൻ സൈയിദ് അൽ നഹ്യാൻ ആണ് മുഖ്യാതിഥി. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യൻ ത്രിവർണമണിയുന്നത് ഇതാദ്യമായാണ്.
ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽഇഡി ഷോയും അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രവും ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടവുമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ(2,716.5 അടി) ഉയരമാണുള്ളത്. 200ലേറെ നിലകളുള്ള കെട്ടിടത്തില്‍ 160 നിലകളിലും ആള്‍ താമസമുണ്ട്.
