പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

ബാക്കി തുക ചോദിച്ചതിനു ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയെ ബസ്‌ കണ്ടക്ടര്‍ തല്ലിച്ചതച്ചു. ആലുവ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന ആരോമലിനെയാണ് ബസ്സുകാശിന്‍റെ ബാക്കിചോദിച്ചതിനു കണ്ടക്ടര്‍ തല്ലിയത്. 

ബുധനാഴ്ച്ച സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകാനായി നിവേദ്യ എന്ന ബസ്സിലാണ് ആരോമല്‍ കയറിയത്. ടിക്കറ്റെത്ത ശേഷം ബാക്കി പണം ചോദിച്ചപ്പോള്‍ കണ്ടക്ടറായ നൗഫല്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചു തിരിക്കുകയും തല്ലുകയും ചെയ്യുകയായിരുന്നു. കയ്യിനു പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോമലിന്‍റെ അച്ഛന്‍ ആലുവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. 

ബാല നീതി നിയമം (ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ ) സെക്ഷന്‍ 75 (കുട്ടികളോടുള്ള ക്രൂരത) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ബസ്സ്‌ ജീവനക്കാരനെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല എന്നാണ്‌ പരാതിക്കാരുടെ ആരോപണം. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നുണ്ടന്നാണ് പോലീസ് അറിയിച്ചത്. 

പരാതിയില്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ജില്ലാ കളക്ടര്‍ കെ മൊഹമ്മദ്‌ വൈ സഫീറുള്ള അറിയിച്ചു. തെറ്റ് കാരനെന്നു കണ്ടെത്തിയാല്‍ ബസ്സ് കണ്ടക്ടര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.