ദില്ലി: കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് വ്യവസായി അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ ഇരുപത്തിയൊമ്പത് വയസുകാരന്‍ ദീപക്ക് ബോറയാണ് ദില്ലിയിലെ ഹോട്ടലില്‍ അറസ്റ്റിലായത്. ഹോട്ടലില്‍ താമസക്കാരിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്. ദില്ലിയിലെ കീര്‍ത്തി നഗറിലെ ജാഗിര്‍ എന്ന ഹോട്ടലിലാണ് സംഭവം നടന്നത്.

റാഞ്ചിയില്‍ നിന്നും വിനോദയാത്രയുടെ ഭാഗമായി 140 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. ഇവിടെ തന്നെ മറ്റൊരു മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ദീപക്കും താമസിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി മുറിയിലെ കുളിമുറിയില്‍ കുളിക്കുവാന്‍ എത്തിയപ്പോള്‍ വെന്‍റിലേഷന്‍ ജനാലകളുടെ അടുത്തുകൂടി ഒരാള്‍ മാറുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇയാളുടെ പക്കല്‍ മൊബൈല്‍ ഫോണും കണ്ടതോടെ പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വച്ച് സുഹൃത്തുക്കളേയും അദ്ധ്യാപകരേയും അറിയിക്കുകയായിരുന്നു.ഇവര്‍ ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഹോട്ടലില്‍ എത്തിയ പോലീസുകാര്‍ ദീപക്കിന്റെ മുറി പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഐടി ആക്റ്റ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.