അതേസമയം പല വിവാഹങ്ങളിലും ദൂരെയുള്ള ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും പങ്കെടുക്കാനായില്ല. 

ഗുരുവായൂര്‍: ഹർത്താൽ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് നൂറിലധികം വിവാഹങ്ങൾ. ലോഡ്‌ജുകളും ഓഡിറ്റോറിയങ്ങളും ഹര്‍ത്താല്‍ ദിനത്തിലും തുറന്നു പ്രവര്‍ത്തിച്ചത് വിവാഹപാര്‍ട്ടികള്‍ക്ക് ആശ്വാസമായി. അതേസമയം പല വിവാഹങ്ങളിലും ദൂരെയുള്ള ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും പങ്കെടുക്കാനായില്ല. 

നല്ല മുഹൂർത്തമുള്ള ദിനമായതിനാൽ പുലർച്ചെ നാല് മണി മുതൽ തന്നെ വിവാഹങ്ങൾ തുടങ്ങിയിരുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി വധുവാരന്മാർ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. മിക്ക വിവാഹ സംഘങ്ങളും ഇന്നലെ വൈകീട്ടോടെ തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. 

നേരത്തെ ബുക്കിംഗ് ചെയ്തതിനാൽ താമസത്തിനോ വിവാഹസദ്യയ്ക്കോ ആര്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല. കൊല്ലം, ആലപ്പുഴ തുടങ്ങി ദൂരജില്ലകളിൽ നിന്നും വിവാഹസംഘങ്ങൾ ഗുരുവായൂരിൽ എത്തിയിരുന്നു. അതേസമയം ക്ഷേത്രപരിസരത്തെ ഹോട്ടലുകളും കടകളും തുറന്നു പ്രവര്‍ത്തിക്കാതിരുന്നത് ഭക്തജനങ്ങളെ ബുദ്ധിമുട്ടിലാക്കി.