ദില്ലി: ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലും, ദില്ലിയടക്കമുള്ള ഏഴ് സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപ തെരഞ്ഞെടുപ്പ്. ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ പിഡിപിയും നാഷണൽ കോൺഫറൻസും തമ്മിലാണ് പ്രധാന പോരാട്ടം. ഫാറൂഖ് അബ്ദുള്ളയാണ് നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥി. പിഡിപിയുടെ സിറ്റിംഗ് സീറ്റ് തിരിച്ച് പിടിക്കാൻ നാസിർ ഖാനാണ് ഫാറൂഖ് അബ്ദുള്ളയെ എതിരിടുന്നത്.

ദില്ലി രജൗരി ഗാർഡൻ നിയമസഭാ മണ്ഡലത്തിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ആം ആദ്മി പാർട്ടി എം എൽ എ യായിരുന്ന ജർനെയ്ൽ സിംഗ് രാജിവച്ച് പോയ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ആംആദ്മി പാര്‍ട്ടിക്കും, ബിജെപിക്കും ഏറെ നിർണ്ണായകമാണ് ഈ ഉപ തെരഞ്ഞെടുപ്പ്. തിരിച്ച് വരാൻ കോൺഗ്രസും ശ്രമം നടത്തുന്നുണ്ട്. അസം, പശ്ചിമ ബംഗാൾ, ഹിമാചൽ, കർണാടകം അടക്കം ആറ് സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 

കർണാടകത്തിൽ നഞ്ചൻഗോഡ്, ഗുണ്ടൽപ്പേട്ട് നിയമസഭാമണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റുകളായ രണ്ട് മണ്ഡലങ്ങളിലും ജനതാദൾ എസ് മത്സരരംഗത്തില്ല.സഹകരണ മന്ത്രി എച്ച് എസ് മഹാദേവപ്രസാദിന്‍റെ മരണത്തെത്തുടർന്നാണ് ഗുണ്ടൽപ്പേട്ടിൽ തെരഞ്ഞെടുപ്പ്. എംഎൽഎ ആയിരുന്ന ശ്രീനിവാസപ്രസാദ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് നഞ്ചൻഗോഡ് ഉപതെരഞ്ഞടുപ്പിന് വഴിയൊരുക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കോൺഗ്രസിനും ബിജെപിക്കും നിർണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.രണ്ട് മണ്ഡലങ്ങളിലുമായി നാല് ലക്ഷത്തിലധികം പേർ വിധിയെഴുതുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഏപ്രിൽ പതിമൂന്നിനാണ്.