കോഴിക്കോട്: കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സർക്കാർ അഭിഭാഷകനും പങ്ക് . പൊലീസ് നടപടി സർക്കാർ അഭിഭാഷകന്‍റെ നിർദ്ദേശപ്രകാരമാണെന്നതിനുള്ള തെളിവുകള്‍ പുറത്തു വന്നു. ഇത് സംബന്ധിച്ച് ഗവണ്‍മെന്‍റ് പ്ലീഡർ പൊലീസിന് നൽകിയ മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതോടെ സംഭവത്തിനു പിന്നിലെ ദുരൂഹത വീണ്ടും വര്‍ദ്ധിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാറിനെ അറിയിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗവ പ്ലീഡര്‍ കെ ആലിക്കോയ ഒപ്പിട്ട സത്യവാങ്ങ്മൂലം നല്‍കി.

രൂപേഷിനെ ഹാജരാക്കുമ്പോള്‍ കോടതിയില്‍ പ്രശ്നമുണ്ടാകുമോ എന്ന് ജഡ്ജി തന്നോട് ചോദിച്ചുവെന്നും താന്‍ ഇത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റിനോട് അന്വേഷിച്ചുവെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ കയറിയാല്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പ്രസിഡന്‍റ് പറഞ്ഞു. ഈ വിവരം ജഡ്ജിയെ അറിയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവശാലും കോടതിയില്‍ കയറ്റരുതെന്ന് നിര്‍ദ്ദേശിച്ചു. ഇക്കാര്യം ടൗണ്‍ എസ് ഐ യെ അറിയിക്കാനാവശ്യപ്പെട്ടതനുസരിച്ച് താനാണ് എസ് ഐ യെ വിളിച്ചു വരുത്തിയതെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. ഐസ്ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ മാധ്യമപ്രവർത്തകർക്കു പ്രവേശനം നിഷേധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സസ്‍പെന്‍ഷനിലായ ടൗണ്‍ എസ് ഐ വിമോദിനെ അനുകൂലിച്ച് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.