ജര്‍മ്മനി: കിഴക്കന്‍ യോര്‍ക്ക്‌ഷെയറിലെ ത്രോണ്‍വിക്ക് കടലിടുക്കില്‍ സെപ്തംബര്‍ ഒന്നിന് വീണ ഒരു വാട്ടര്‍പ്രൂഫ് ക്യാമറ 800 കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് ഒടുവില്‍ ഉടമയ്ക്കടുത്തെത്തി. സെപ്തംബര്‍ ഒന്നിന് കിഴക്കന്‍ യോര്‍ക്ക്ഷയറിലെ ത്രോണ്‍വിക്ക് കടലിടുക്കില്‍ വീണ ക്യാമറ, ഡോഗര്‍ലാന്‍ഡിലുടനീളം രണ്ട് മാസത്തോളം കടലിലൂടെ സഞ്ചരിച്ചു. ഒടുവില്‍ വാഡന്‍ കടലിലെ ഒരു ചെറിയ ജര്‍മന്‍ ദ്വീപായ സുഡേറോയിക് തീരത്ത് വന്ന് അടിയുകയായിരുന്നു.
തീരത്തണഞ്ഞ ക്യാമറ സുഡേറോയിക് ദ്വീപിലെ തീരദേശ സംരക്ഷണ ഉദ്യോഗസ്ഥരായ നീല്‍ വ്‌റി, ഹോള്‍ഗര്‍ സ്പ്രയര്‍ എന്നിവര്‍ക്ക് കിട്ടുകയും ഇരുവരും ചേര്‍ന്ന് 11 മിനിറ്റ് നീളമുള്ള ഒരു വീഡിയോ ക്ലിപ്പ് നിര്‍മ്മിക്കുകയും സുഡേറോയികിന്റെ പേരിലുള്ള ഫെയ്‌സ്ബുക്കില്‍ അപലോഡ് ചെയ്യുകയുമായിരുന്നു. ഇതോടൊപ്പം ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്താമുള്ള ശ്രമവും തുടര്‍ന്നു.
ഒടുവില്‍ 12 ദിവസത്തെ തിരച്ചിലിനു ശേഷം, സ്‌പ്രെയിലും വറിയും ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തി. അത് വില്ല്യം എന്ന പത്തുവയസുകാരനായിരുന്നു. 2016 ലെ ക്രിസ്മസിന് വില്ല്യമിന്റെ അച്ഛന്‍ സമ്മാനിച്ചതാണ് ആ ക്യാമറ. നീല്‍ വ്‌റിയും, ഹോള്‍ഗര്‍ സ്പ്രയറും വില്ല്യമിനെയും കുടുംബത്തെയും സുഡേറോയിക് ദ്വീപിലേക്ക് ക്ഷണിച്ചു. ഒടുവില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഈ ക്രസ്മസിന് വില്ല്യമിന്റെയും ക്യാമറയുടെയും പുനസമാഗമത്തിന് വേദിയൊരുങ്ങുകയാണ്.
സഞ്ചാരികള്‍ക്ക് നിയന്ത്രണമുള്ള പക്ഷിസങ്കേതമായ സുഡേറോയിക് ദ്വീപിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. 150 ഏക്കര്‍ വിസ്താരമുള്ള സുഡേറോയിക് ദ്വീപ്, നോര്‍ഡിസ്ട്രാന്‍ഡ് ഉപദ്വീപില്‍ നിന്ന് ബോട്ടിലൂടെ മാത്രമേ എത്തിച്ചേരാന്‍ കഴിയൂ. ഒരു മണിക്കൂറില്‍ അധികം സമയം ചെലവഴിക്കുന്ന അതിഥികള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്.

