മലപ്പുറം: പാലക്കാട് - കോഴിക്കോട് ദേശീയപാതയ്ക്കു സമീപം രാമപുരത്തെ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. എടിഎമ്മിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. വിദേശത്തു നടക്കുന്ന കവര്‍ച്ചാ രീതിയില്‍ വാഹനം കെട്ടി വലിച്ച് എടിഎം മെഷിന്‍ തന്നെ കടത്തി കൊണ്ടു പോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ് പൊലീസ്. 

എടിഎം പൂർണമായും തകർത്ത നിലയിലാണ്. എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നു സൂചന. കരി ഓയിൽ തേച്ച കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. നാലു ദിവസം മുൻപു തേഞ്ഞിപ്പാലത്തും സമാന മോഷണ ശ്രമം നടന്നിരുന്നു. അന്ന് എസ്ബിഐയുടെ എടിഎമ്മാണ് കവർച്ചാ ലക്ഷ്യമായത്. അന്നും പണം നഷ്ടമായില്ല.

രാമപുരം - കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനക്കല്‍ കോംപ്ലക്‌സിലാണ് എടിഎം പ്രവര്‍ത്തിക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ എടിഎം മുറിക്ക് മുന്നില്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട് കെട്ടിട ഉടമയെ വിവരം അറിയിക്കുകയും അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നു ബാങ്ക് ജീവനക്കാരും പൊലീസും എത്തി പരിശോധിച്ചതിലാണ് കവര്‍ച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിലെ ക്യാമറയില്‍ കറുത്ത നിറം സ്പ്രേ ചെയ്ത നിലയിലാണ്. കെട്ടിടത്തിലെ മറ്റൊരു കടയുടെ പുറത്തു സ്ഥാപിച്ച ക്യാമറയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിയാന്‍ സാധ്യതയുണ്ട്. ഇതും പൊലീസ് പരിശോധിക്കും.