കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം ആശങ്കജനകമാംവിധം കൂടുന്നു. ഒരു വര്‍ഷം അരലക്ഷം പേരാണ് പുതിയതായി രോഗ ചികില്‍സ തേടുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദവും തൈറോയ്ഡ് ക്യാന്‍സറും പുരുഷന്മാരില്‍ ശ്വാസകോശഅര്‍ബുദവും വായിലെ അര്‍ബുദവും കൂടുന്നതായാണ് കണക്കുകള്‍.

ഒരു ലക്ഷം പുരുഷന്മാരില്‍ 150 പേര്‍ക്ക് പുതിയതായി അര്‍ബുദം കണ്ടെത്തുന്നു. അതില്‍ 15പേര്‍ക്ക് ശ്വാസകോശ അര്‍ബുദം , 14പേരെ പിടികൂടുക വായിലെ ക്യാന്‍സര്‍, അതുക‍ഴിഞ്ഞാല്‍ മലദ്വാരത്തിലെ അര്‍ബുദവും പ്രോസ്റ്റേറ്റ് ക്യാന്‍സറും. സ്ത്രീകളിലെ കണക്കനുസരിച്ച് ഒരു ലക്ഷം സ്ത്രീകളില്‍ 148 പേരെയാണ് ക്യാന്‍സര്‍ സെല്ലുകള്‍ ആക്രമിക്കുന്നത്. ഇതില്‍ 40പേരെ കീ‍ഴടക്കുന്നത് സ്തനാര്‍ബുദമാണ്. അതുക‍ഴിഞ്ഞാല്‍ തൈറോയ്ഡ് ക്യാന്‍സര്‍ , തൊട്ടുപിന്നാലെ ഗര്‍ഭാശയഗള അണ്ഡാശയ അര്‍ബുദങ്ങളും. പ്രായമേറിയവരിലാണ് അര്‍ബുദരോഗ ബാധിതര്‍ കൂടുതൽ .കുട്ടികളിലെ അര്‍ബുധ ബാധ അഞ്ചു ശതമാനം മാത്രം.

പുകയില ഉപയോഗം തന്നെയാണ് പുരുഷന്‍മാരിലെ ശ്വാസ കോശ, തൊണ്ട, വായ എന്നിവിടങ്ങളിലെ അര്‍ബുദ ബാധയ്ക്ക് കാരണം. ഈ പുക ശ്വസിക്കുന്നതും രോഗബാധ ഉണ്ടാക്കുന്നുണ്ട്. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും ഫാസ്റ്റ് ഫുഡ് സംസ്കാരവും രോഗത്തിന്‍റെ വിത്ത് വിതയ്ക്കുന്നു. പാരമ്പര്യമായി ക്യാന്‍സര്‍ ബാധയും കുറവല്ല കേരളത്തിൽ.