ഗാന്ധിനഗര്‍: 'തനിക്ക് നിരപരാധിത്തം തെളിയിക്കാന്‍ അമിത് ഷാ എത്തണം. അദ്ദേഹത്തിന് സമ്മന്‍സ് അയക്കാന്‍ അഡ്രസ് പോലും അറിയില്ല. എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ് അദ്ദേഹമിപ്പോള്‍...' ഇത് പറയുന്നത് മറ്റാരുമുല്ല, ഒരുകാലത്ത് ഗുജറാത്ത് നിയമസഭാംഗവും മന്ത്രിയുമൊക്കെ ആയിരുന്ന മായ കൊഡാണിയാണ്. 

2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 28 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുയാണ് മായ ഇപ്പോള്‍. എന്നാല്‍ സുപ്രിം കോടതി 2014ല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും കേസ് സംബന്ധിച്ച വാദം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയുമാണ്.

കേസില്‍ വാദം തുടരുന്നതിന്റെ ഭാഗമായി, കലാപം നടക്കുമ്പോള്‍ മായ മറ്റൊരിടത്തായിരുന്നു എന്ന് തെളിയിക്കാനുള്ള ഏക സാക്ഷിയാണ് ഇന്നത്തെ ബി.ജെ.പി അധ്യക്ഷനും രാജ്യസഭ അംഗവുമായ അമിത് ഷാ. ഇനി അദ്ദേഹത്തെ മാത്രമാണ് സാക്ഷിയായി വിസ്തരിക്കാനുള്ളത്. 

ആരോപണത്തില്‍ കഴമ്പില്ലെന്നതിന്റെ പ്രധാന സാക്ഷിയാണ് അദ്ദേഹമെന്നാണ് മായ പറയുന്നത്. താന്‍ ആ സമയം ഷായോടൊപ്പം ആയിരുന്നു. ആദ്യം അസംബ്ലിയിലും പിന്നെ ആശുപത്രിയിലും അമിത് ഷായ്‌ക്കെപ്പമായിരുന്നു താനെന്നും മായ പറയുന്നു. ഇത് തെളിയിക്കാന്‍ ഷായെ വിസ്തരിക്കാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. 

എന്നാല്‍ അദ്ദേഹത്തെ സമീപിക്കാന്‍ പോലുമുള്ള സാഹചര്യമില്ലെന്നാണ് മായ കൊഡാണി പറയുന്നത്. ആ കാലഘട്ടത്തില്‍ അമിത് ഷായും മായയും ഗുജറാത്ത് നിയമസഭാംഗങ്ങളായിരുന്നു. കലാപത്തിന് ശേഷം മായ കൊഡാണി ഗുജറാത്ത് വനിതാ-ശിശുവികസന മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസില്‍ കൊഡാണി വിചാരണ നേരിട്ടത്. 

ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നരോദ പാട്ടിയില്‍ നടന്ന കലാപത്തിന്റെ പേരിലാണ് മായ കൊഡാണി ശിക്ഷിക്കപ്പെട്ടത്. അഹമ്മദാബാദില്‍ നടന്ന കലാപത്തില്‍ 100 മുസ്ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. അതേദിവസം നരോദ ഗ്രാമത്തില്‍ നടന്ന കലാപത്തില്‍ 11 മുസ്ലിംകള്‍ കൊല്ലപ്പെട്ട കേസിലാണ് മായക്ക് തടവ് ശിക്ഷ ലഭിച്ചത്. 

കേസില്‍ നിരപരാധിത്തം തെളിയിക്കാന്‍ അമിത് ഷാ എത്തണമെന്നിരിക്കെ തന്നെ നിലവില്‍ 'ഹൈ പ്രൊഫൈല്‍' വ്യക്തിയായ ഷായെ ഒരു സാക്ഷിയായി എത്തിക്കുന്നതില്‍ താല്‍പര്യമില്ലെന്നതാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.