കോയമ്പത്തൂര്‍: പൊള്ളാച്ചിക്ക് സമീപം കൊടിമേടില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ മരിച്ചു. വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ പരിക്കോടെ രക്ഷപെട്ടു. അങ്കമാലി, കാലടി സ്വദേശികളാണ് മരിച്ചവര്‍. പൊള്ളാച്ചി ഉദുമല്‍പ്പേട്ട റോഡില്‍ 30 കിമി അകലെ കൊടിമേടാണ് രാവിലെ 7 മണിക്ക് അപകടം ഉണ്ടായത്. 

മൂന്നാറില്‍ നിന്നും യാത്ര തിരിച്ച അഞ്ചംഗ സംഘം പൊള്ളാച്ചി-സേലം ഭാഗത്തേക്ക് വരികയായിരുന്നു. പാലത്തില്‍ ഇടിച്ച് കനാലിലേക്ക് മറിഞ്ഞ കാറില്‍ അങ്കമാലി സ്വദേശികളായ ജിതിന്‍, ലിജോ, അമല്‍ പോള്‍ കാലടി സ്വദേശി ജാക്സണ്‍, ആല്‍ഫ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രദേശവാസികള്‍ നടത്തിയ പ്രാഥമിക തെരച്ചിലില്‍ തന്നെ രണ്ട് പേരുടെ മൃതദേഹം കിട്ടി. നിറഞ്ഞു വെള്ളമുണ്ടായിരുന്ന കനാലില്‍ വീണവരില്‍ രണ്ട് പേരെ കാണാതാകുകയും ചെയ്തു. ഒഴുക്കില്‍പ്പെട്ട ഇവരുടെ മൃതദേഹവും പിന്നീട് കണ്ടെത്തി. 

ആല്‍ഫ എന്ന യുവാവ് മാത്രമാണ് പരിക്കുകളോടെ രക്ഷപെട്ടത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കാര്‍ കനാലില്‍ നിന്നും എടക്കാനായത്. അമിത വേഗതയോ, വാഹനം ഓടിച്ചയാള്‍ ഉറങ്ങിയതോ ആവാം അപകട കാരണമെന്നാണ് നിഗമനം.