കൊച്ചി: അരൂര്‍ പാലത്തില്‍നിന്ന് കാര്‍ കായലിലേക്ക് മറിഞ്ഞു. അഞ്ചുപേരെ കാണാതായി. നാലുപേരെ മീന്‍പിടുത്തക്കാര്‍ രക്ഷിച്ചു. ഇവരെ സ്വകാര്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. വടക്കുവശത്ത് നിന്ന് അമിത വേഗതയില്‍ പാഞ്ഞു വന്ന പിക്കപ്പ് വാന്‍ ഇടത് വശത്തുകൂടെ ലോറിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് പാലത്തിന്റെ ഫുട്പാത്തിലേക്ക് കയറി കൈവരിയും തകര്‍ത്ത് കായലിലേക്ക് പതിച്ചു.

വാനില്‍ നിന്ന് നാല് പേര്‍പുറത്തേക്ക് തെറിച്ച് വീഴുന്നത് മീന്‍പിടുത്തക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഇവരാണ് നാലുപേരേയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. ഇവരുടെ പരുക്ക് സാരമുള്ളതല്ല. വാഹനത്തില്‍ മൊത്തം ഒമ്പത് പേരുണ്ടായിരുന്നു. ഇടപ്പള്ളി ചിത്രാ ഡക്കറേഷന്‍സിലെ മറുനാടന്‍ ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. മലയാളിയായ ഡ്രൈവര്‍ ചേര്‍ത്തല പാണാവള്ളി സ്വദേശി നിജാസ് ഉള്‍പ്പെടെ അഞ്ചു പേര്‍ വാഹനത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. വേലിയിറക്കംമൂലം ശക്തമായ ഒഴുക്കുള്ള ഇവിടെ മൂന്ന് മത്സത്തെഴിലാളികള്‍ വഞ്ചിയില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. അപകടം നടന്ന് രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും നേവിയുടെ ബോട്ട് സര്‍വീസ് എത്തിയില്ല. ഇതിനെതിരെ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. പിന്നീട് പൊലീസിന്റെ നാലു ബോട്ടുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.