ദില്ലിയില്‍ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 130ലധികം കാര്‍ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയാലായ ധനിറാം. ഇയാള്‍ പറഞ്ഞതനുസരിച്ച് കാര്‍ മോഷണം നടത്തിയ പ്രദേശത്തെ കടകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസിന് മോഷണത്തിന്റെ ദൃശ്യങ്ങള്‍ കിട്ടി. ഫോണ്‍ ചെയ്തുകൊണ്ട് നടന്നുവരികയും നിമിഷങ്ങള്‍ക്കുള്ളില്‍ കാറുമായി കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊതുവെ സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ പഴയ കാറുകളാണ് ഇയാള്‍ മോഷ്‌ടിക്കാറ്. 50 വര്‍ഷമായി മോഷണം തൊഴിലാക്കിയ ഇയാള്‍ 500ലധികം കാറുകള്‍ ഇത്തരത്തില്‍ മോഷ്‌ടിച്ച് വിറ്റു എന്നാണ് പൊലീസ് പറയുന്നത്.

നിയമ ബിരുദമുള്ള ധനിറാം കുറച്ച് കാലം റോട്ടക്കിലെ കോടതിയില്‍ ഗുമസ്ഥനായി ജോലി ചെയ്തിരുന്നു. സ്വന്തം കേസുകള്‍ സ്വയം വാദിക്കുന്നതാണ് ഇയാളുടെ രീതി. നിരവധി ആള്‍മാറാട്ടക്കേസിലും പ്രതിയാണെന്ന് ധനിറാമെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ 77 വയസ്സുള്ള ധനിറാം മോഷണക്കേസുകളില്‍ നിരവധി തവണ ജയിലിലും കിടന്നിട്ടുണ്ട്.