കൊച്ചി: പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നത് തടഞ്ഞ സംഭവത്തില്‍ 20 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ലളിത കലാ അക്കാദമിയുടെ പരാതിയിലാണ് കേസ്. മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കി.
അശാന്തന്‍ ചിത്രം വരച്ചും കണ്ടും കാണിച്ചും ജീവിച്ച എറണാകുളം ദര്‍ബാര്‍ ഹാളിലെ ലളിത കലാ ആര്‍ട്ട് ഗ്യാലറിയപടെ മുറ്റത്ത് അദ്ദേഹത്തിന് യാത്രാമൊഴിയേകാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം. മൃതദേഹവുമായി ദര്‍ബാര്‍ ബാളിന് സമീപത്തുള്ള ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്നത് എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഭാരവാഹികള്‍ തടഞ്ഞത്തോടെ ആര്‍ട്ട് ഗ്യാലറിയുടെ പിന്‍വരാന്തയില്‍ അശാന്തനെ കിടത്തി. അവിടെയെത്തിയാണ് സുഹൃത്തുക്കള്‍ അന്തിമോപചാരമര്‍പ്പിച്ച് മടങ്ങിയത്. ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ തൊട്ടപ്പുറത്തുള്ള ക്ഷേത്രം അശുദ്ധമാകുമെന്നായിരുന്നു ആരോപണം.
സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ലളിതകലാ അക്കാദമി പൊലീസില്‍ പരാതി നല്‍കി. പൊതു ദര്‍ശനം തടഞ്ഞ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ അശാന്തന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. എഴുത്തുകാരും ചിത്രകാരന്മാരുമടങ്ങുന്ന കൂട്ടായ്മ പ്രതീകാത്മക വിലാപയാത്ര നടത്തി. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനെതിരെ ഡിവൈഎഫ്ഐയും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതിഷേധ സംഗമം നടത്തും.
