കോഴിക്കോട്: കോഴിക്കോട് മുക്കത്ത് 3 വയസ്സുകാരിയെ അച്ഛന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തെകുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.മുക്കം മണാശേരിയില്‍ മൂന്നരവയസുകാരിയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരിക്കുന്നത്.
കുട്ടിയെ മര്‍ദ്ദിച്ച അച്ഛന്‍ ജയകുമാറിനെതിരെ കുട്ടികള്‍ക്കെതിരെയുള്ള പീഡനം തടയുന്ന നിയമത്തിലെ 75-ാം വകുപ്പും , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 324, 345 വകുപ്പുകളനുസരിച്ചും കേസെടുത്തിട്ടുണ്ട്. അങ്കണവാടി അധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മുക്കം പോലീസ് അച്ഛന്‍ ജയകുമാറിനെ അറസ്റ്റ് ചെയ്തത്.ഇയാള്‍ റിമാന്‍ഡിലാണ്.
കട്ടിലില്‍ കയറി കളിച്ചു എന്ന കാരണം പറഞ്ഞാണ് അച്ഛന്‍ ജയകുമാര്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മുതുകിലും അരക്കെട്ടിന്റെ ഭാഗത്തും സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അടിയേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം അമ്മക്കൊപ്പം വെള്ളിമാട് കുന്നിലെ താത്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി, ശിശു സംരക്ഷണ ഓഫീസര്‍, ചൈല്‍ഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
