കോഴിക്കോട്: രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതെ പോയ സംഭവത്തിൽ കെഎസ്ആർടിസി മിന്നൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. പയ്യോളി പൊലീസാണ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടകര റൂറൽ എസ്പി കെഎസ്ആർടിസി എംഡിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കെഎസ്ആർടിസി വിജിലൻസ് നടത്തുന്ന അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്ന് കെഎസ്ആർടിസി എംഡി എ ഹേമചന്ദ്രൻ ഐപിഎസ് അറിയിച്ചിരുന്നു. ജീവനക്കാർ കുറ്റക്കാരാണെന്ന് വിജിലൻസ് കണ്ടെത്തിയതായാണ് സൂചന. പെണ്‍കുട്ടി ചോമ്പാല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ ഗൗരവം മനസ്സിലാക്കിയ സാഹചര്യത്തിലാണ് എംഡിക്ക് റിപ്പോർട്ട് നൽകിയതെന്ന് റുറൽ എസ് പി എംപി പുഷ്കരൻ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനി ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ പോയ ബസ് ഇരുപത് കിലോ മീറ്റർ അപ്പുറത്ത് പൊലീസ് തടഞ്ഞത്. ഇടയ്ക്ക് രണ്ടിടത്ത് വച്ച് പൊലീസ് കൈ കാണിച്ചെങ്കിലും ബസ് നിർത്തിയിരുന്നില്ല. അതേസമയം മിന്നല്‍ പ്രത്യേക സര്‍വ്വീസാണെന്നും മുൻ നിശ്ചയിച്ച സ്റ്റോപ്പുകളിൽ മാത്രമേ നിർത്താവു എന്നും എംഡിയുടെ ഉത്തരവുള്ളതായി ജീവനക്കാരുടെ സംഘടന പ്രതിനിധികൾ പറയുന്നു. എന്നാല്‍ അര്‍ദ്ധ രാത്രി തനിച്ച് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയോട് ജീവനക്കാര്‍ മാനുഷികപരിഗണന പോലും കാണിച്ചില്ലെന്നത് വാർത്തയായപ്പോഴാണ് എംഡി തന്നെ നേരിട്ട് ഇടപെട്ടത്.
