ഇടുക്കി അണക്കെട്ടിന് മുകളിലെ  ദൃശ്യങ്ങൾ പകർത്തുന്നത്  വിലക്കിയ  പൊലീസുകാരന്  നേരെ യുവതിയുടെ  മര്‍ദ്ദനം. ഡാം  ഡ്യൂട്ടിയിൽ  ഉണ്ടായിരുന്ന  സിവിൽ  പൊലീസ്  ഒഫീസർ  ശരത്  ചന്ദ്രബാബുവിനാണ്  മർദ്ദനമേറ്റത്.

ഇടുക്കി: ഇടുക്കി ഡാമിന് മുകളിൽ ഫോട്ടോയെടുത്തത് വിലക്കിയ പൊലീസുകാരന് യുവതിയുടെ മർദ്ദനം. ഡാം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ശരത് ചന്ദ്ര ബാബുവിനാണ് മർദ്ദനമേറ്റത്. പൊലീസുകാരന്‍റെ പരാതിയിൽ ഇടുക്കി സിഐ കേസെടുക്കാതെ പ്രതികളെ വിട്ടയച്ചതും വിവാദമായി.

ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സ്കോർപ്പിയോ കാറിലെത്തിയ ഒരു സംഘം വണ്ടി നിർത്തി ഡാമിന്‍റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഡാമിന് മുകളിൽ വണ്ടി നിർത്തുന്നതിനും ഫോട്ടൊയെടുക്കുന്നതിനും കർശനവിലക്കുണ്ട്. ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ ഇവരുടെ മൊബൈലുകൾ പിടിച്ചുവാങ്ങി . അപ്പോഴാണ് വണ്ടിയിലുണ്ടായിരുന്ന സ്ത്രീകൾ ഇറങ്ങിവന്ന് പൊലീസുകാരെ അസഭ്യം പറഞ്ഞതും ആക്രമിച്ചതും.

കാറിലുണ്ടായിരുന്നവരെ പൊലീസുകാർ ഇടുക്കി സ്റ്റേഷനിലെത്തിച്ചു. ശരത് ചന്ദ്രൻ പരാതി നൽകിയെങ്കിലും ഇടുക്കി എസ്ഐ സിബിച്ചൻ കേസെടുത്തില്ല. പേരുകൾ പോലും വാങ്ങിവക്കാതെ എല്ലാവരെയും വിട്ടയച്ചു. ഇതോടെയാണ് ശരത് ചന്ദ്രൻ എസ്പിക്ക് നേരിട്ട് പരാതി നൽകിയത്. പ്രതികൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയെന്നും സിഐക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശരത് ചന്ദ്രൻ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.