Asianet News MalayalamAsianet News Malayalam

' മാണിക്യമലരായ പൂവി'നെതിരെ വീണ്ടും കേസ്

  • ചിത്രത്തില്‍ നിന്നും ഗാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഖിത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചു.
Case Against Manikamalloor Poovin

മാണിക്യമലരായ പൂവി എന്ന ഗാനം ചിത്രത്തില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി. ഗാനരംഗം മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഹൈദരാബാദ് സ്വദേശികളായ രണ്ടുപേരാണ് കോടതിയെ സമീപിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്ക മലരായ പൂവി എന്ന ഗാനത്തിനെതിരെ വീണ്ടും പ്രതിഷേധമുയരുകയാണ്. 

ചിത്രത്തില്‍ നിന്നും ഗാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഖിത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചു.  ഗാനരംഗങ്ങള്‍ മുസ്ലിം സമുദായത്തിലുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മത വികാരം വൃണപ്പെടുത്തുന്നുവെന്നും അപേക്ഷയില്‍ പറയുന്നു. പ്രിയ പ്രകാശ് വാര്യര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഇരുവരും ഇക്കാര്യം ഉന്നയിച്ചരിക്കുന്നത്. 

യൂട്യൂബില്‍ നിന്ന് ഗാനരംഗങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നും അപേക്ഷയിലുണ്ട്. ഗാനം ഹിന്ദുമത വിശ്വാസികളുടെയും വികാരം വൃണപ്പെടുത്തിയെന്ന് അപേക്ഷയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ജനജാഗരണ്‍ സമിതി ഗാനരംഗങ്ങള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ക്കെതിരെ പ്രിയ പ്രകാശ് വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

ഹര്‍ജി പരിഗണിച്ച കോടതി ചിത്രത്തിന്റെ അണിയറപ്രവര്‍ൃത്തകര്‍ക്കെതിരെ ഗാനത്തിന്റെ പേരില്‍ രാജ്യത്തൊരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുകയും കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios