പി സി ജോർജ്ജ് എംഎൽഎ ക്യാന്റീൻ ജീവനക്കാരനെ മർദ്ദിച്ച കേസിൽ എംഎൽഎ ഹോസ്റ്റലിൽ തെളിവെടുക്കാൻ പൊലീസിന് അനുമതി. നിയമസഭ സെക്രട്ടറിയേറ്റാണ് അനുമതി നൽകിയത്. ജോർജ്ജിന്റെ പി എയും കേസിലെ രണ്ടാം പ്രതിയുമായ തോമസ് ജോർജ്ജിനോട് നാളെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി.
ഭക്ഷണം നൽകാൻ താമസിച്ചതിന് എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ ക്യാന്റീൻ ജീവനക്കാരൻ മനുവിനെ എംഎൽഎയും സഹായിയും ചേർന്ന് മർദ്ദിച്ചുവെന്നാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. പക്ഷെ സംഭവ സ്ഥലത്ത് മഹസ്സർ തയ്യാറാക്കാൻ പൊലീസിന് നിയമസഭ സെക്രട്ടറിയുടെ അനുമതി വേണ്ടിയിരുന്നു. മ്യൂസിയം പൊലീസിന്രെ അപേക്ഷയിൽ സെക്രട്ടറി അനുമതി നൽകിയതോടെ നാളെ പൊലീസ് തെളിവെടുക്കും. കേസിലെ രണ്ടാം പ്രതിയായ പി സി ജോർജ്ജിന്രെ പി.എ. സണ്ണിയെന്ന വിളിക്കുന്ന തോമസ് ജോർജ്ജിനോട് നാളെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നിയമസഭ നടക്കുന്നതിനാൽ എംഎൽഎയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സഭ ചേരുന്നതിനാൽ എംഎൽഎ ചോദ്യം ചെയ്യുന്നതിനും സ്പീക്കറുടെ അനുമതി ആവശ്യമാണ്.
