തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ എസ്ബിഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. 

എസ്ബിഐ ഓഫീസിൽ ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. രജിസ്ട്രേഷൻ - ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കിൽ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. എസ്ബിഐ  ബ്രാഞ്ചിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നു.  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകർത്തു.

പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാർ. എന്നാൽ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി. 

മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികൾ.