മരട് സ്‌കൂൾ വാന്‍ അപകടം ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
കൊച്ചി: എറണാകുളം മരടിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്കൂള് വാന് അപകടത്തില് ഡ്രൈവര്ക്കെതിരെ കേസെടുത്തു. അനില്കുമാറിനെതിരെ മനപ്പൂര്വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ഐപിസി 304(എ) വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയതെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. വാഹനം അപകടത്തില് പെടുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്തത്. വളവിൽ വാൻ വീശിയൊടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്തുളള കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള് പതിഞ്ഞത്. ഇടുങ്ങിയ വഴിയിലൂടെ അമിതവേഗത്തില് തിരിഞ്ഞതാണ് അപകടകത്തിന് കാരണമെന്ന് മോട്ടോര്വാഹന വകുപ്പും വ്യക്തമാക്കി. വാഹനത്തിന് ഫിറ്റ്നസ് സര്ട്ടിഫിക്കേറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതര് വ്യക്തമാക്കി.
വളവ് തിരിയുന്നതിനിടെ വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുങ്ങിമരണം സ്ഥിരീകരിച്ചതിനാൽ കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ട് നൽകി. വൈകീട്ട് 3.50നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരടിലെ കിഡ്സ് വേൾഡ് പ്ലേ സ്കൂളിൽ നിന്ന് കുട്ടികളുമായി പോയ വാൻ അയനിക്കാവിൽ വച്ച് കുളത്തിലേക്ക് മറിയുകയായിരുന്നു.
എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അഞ്ച് കുട്ടികളെയേ രക്ഷിക്കാനായുള്ളൂ. പ്ലേ സ്കൂൾ വിദ്യാർത്ഥികളായ ആദിത്യൻ, വിദ്യാലക്ഷ്മി, ആയ ലത ഉണ്ണി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മരട് സ്വദേശിയായ ഒരു കുട്ടിയെയും ഡ്രൈവർ ബാബുവിനെയും എറണാകുളത്തെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മോർച്ചറിയിലേക്ക് മാറ്റിയ ആയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടു.
