കൊല്‍ക്കത്തയിൽ അരങ്ങേറിയ നാടകീയ നീക്കങ്ങൾ വൻ രാഷ്ട്രീയ തർക്കമായി മാറുകയാണ്. കേന്ദ്രത്തിനെതിരെ മമതാ ബാനർജി തുടങ്ങിയ സമരത്തിനെതിരെ പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധിച്ച പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി.
ദില്ലി: കൊല്‍ക്കത്തയിലെ സിബിഐ നടപടിക്കെതിരെ ഇടതുപക്ഷം ഒഴികെയുള്ള പ്രതിപക്ഷം പാർലമെൻറിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. കേന്ദ്രത്തിന്റേത് പ്രതികാര നടപടി എന്ന് സത്യാഗ്രഹസമരം തുടരുന്ന മമതാ ബാനർജി ആരോപിച്ചു. പശ്ചിമബംഗാളിലേത് അസാധാരണസംഭവങ്ങളെന്നും ഗവർണ്ണറോട് റിപ്പോർട്ട് തേടിയെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
ഇന്നലെ രാത്രി കൊല്‍ക്കത്തയിൽ അരങ്ങേറിയ നാടകീയ നീക്കങ്ങൾ വൻ രാഷ്ട്രീയ തർക്കമായി മാറുകയാണ്. കേന്ദ്രത്തിനെതിരെ മമതാ ബാനർജി തുടങ്ങിയ സമരത്തിനെതിരെ പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധിച്ച പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി. അടുത്തിടെ തൃണമൂൽ വിട്ട സൗമിത്ര ഖാനെ രംഗത്തിറക്കിയാണ് പ്രതിഷേധത്തെ ബിജെപി പ്രതിരോധിച്ചത്. നിർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി
ബിജു ജനതാദളും സിബിഐ നീക്കം സംശയാസ്പദം എന്ന് പ്രതികരിച്ചു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മമത ബാനർജിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ഇടതുപക്ഷം വിയോജിച്ചു നിന്നു. സംസ്ഥാന ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവർണ്ണർ വിശദീകരണം തേടിയിട്ടുണ്ട്. സിബിഐ ഉദ്യോഗസ്ഥർ ഗവർണ്ണറെ കണ്ട് വിവരങ്ങൾ അറിയിച്ചു.
കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശം അർദ്ധസൈനിക വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിൻറെ പ്രധാനമുഖമായി മാറാൻ മമതാ ബാനർജിക്ക് രാഷ്ട്രീയ വിവാദത്തിലൂടെ കഴിഞ്ഞതായാണ് വിലയിരുത്തല്‍. സംസ്ഥാന രാഷ്ട്രീയത്തിൽ മമതയുടെ അപ്രമാദിത്വം തുടരാനാകുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനവും നിർണ്ണയാകമാകും.
