ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കാരായിമാര്‍ അടക്കമുള്ള പ്രതികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതില്‍ നിയമക്കുരുക്കുകള്‍ക്കൊപ്പം കോടതിയുടെ നിലപാടും നിര്‍ണ്ണായകമാകും. കേസില്‍ നിലവില്‍ മറ്റൊരന്വേഷണത്തിന് പ്രസക്തിയില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം സി.ബി.ഐ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. അതേസമയം സുബീഷിന്റെ കുറ്റസമ്മതമൊഴി ഭീഷണിപ്പെടുത്തി പറയിച്ചതല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്.

2006ല്‍ നടന്ന കൊലപാതകത്തില്‍ ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ശേഷം സി.ബി.ഐയും അന്വേഷിച്ച കേസില്‍ കണ്ടെത്തിയ വസ്തുതകളും പിടിയിലായ പ്രതികളുമെല്ലാം തെറ്റായിരുന്നുവെന്ന് അംഗീകരിക്കേണ്ടി വരുന്ന അപൂര്‍വ്വ സ്ഥിതിവിശേഷമൊരുക്കുന്നതാണ് സുബീഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. കേസില്‍ തുടരന്വേഷണമോ മറ്റോ ഉണ്ടായാല്‍ അത് സി.ബി.ഐയുടെ തന്നെ വിശ്വാസ്യതയെ ബാധിക്കുന്നതുമാകും. മാത്രവുമല്ല, സുബീഷ് നല്‍കിയ മൊഴി കഴിഞ്ഞ വര്‍ഷം അവസാനം പൊലീസില്‍ നിന്ന് ലഭിച്ചയുടന്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തിയ സി.ബി.ഐ, ഇവയില്‍ പ്രസക്തിയില്ലെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നതും. അതിനാല്‍ കേസ് വിചാരണ ഘട്ടത്തിലിരിക്കെ, പുതിയ വിവാദങ്ങളുടെയും കോടതിയില്‍ ഹാജരാക്കിയ മൊഴിയുടെയും പശ്ചാത്തലത്തില്‍ കോടതിയുടെ ഇടപെടലുണ്ടായാല്‍ മാത്രമാണ് മറ്റൊരു സാധ്യത തെളിയുക. അല്ലാത്ത പക്ഷം കുറ്റസമ്മത മൊഴി കേസിനെ സ്വാധീനിക്കാനുള്ള നിയമസാധുത കുറവാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു ഇക്കാര്യത്തില്‍ ജൂണ്‍ 15ന് കോടതി നിലപാട് വ്യക്തമാക്കും. 

കേസില്‍ പ്രതികള്‍ക്കനുകൂലമായി തുടരന്വേഷണത്തിന് ഉത്തരവുണ്ടായാലും സി.പി.എമ്മും ഫസലിന്റെ സഹോദരനും ആവശ്യപ്പെടുന്ന പുനരന്വേഷണം അംഗീകരിക്കപ്പെടാനിടയില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം, കുറ്റസമ്മത മൊഴി മാറ്റി നിര്‍ത്തിയാല്‍ ഈ മൊഴിയനുസരിച്ചുള്ള ആയുധവും, വാഹനവും കണ്ടെടുക്കേണ്ടതുമുണ്ട്. ഇവയുണ്ടായിട്ടില്ല. സുബീഷ് പരാമര്‍ശിക്കുന്ന കൊലയാളി സംഘത്തിലെ മറ്റംഗങ്ങളെ ചോദ്യം ചെയ്തിട്ടുമില്ല. ഇതില്‍ തിലകന്‍ എന്ന ആര്‍.എസ്.എസ് നേതാവ് നേരത്തെ ആത്മഹത്യ ചെയ്യുകയും ചെയ്തു. മറ്റു മൂന്ന് പേരും കണ്ണൂരില്‍ തന്നെയുണ്ട്. അതേസമയം, കേസിലെ പ്രധാന പ്രതിയായ കൊടി സുനി ഉള്‍പ്പടെ ടി.പി കേസിലടക്കം നാല് കേസുകളില്‍ അറസ്റ്റിലായ ഘട്ടത്തിലും ചോദ്യം ചെയ്യലില്‍ ഫസല്‍ വധക്കേസില്‍ തങ്ങളുള്‍പ്പെട്ടതായി കുറ്റം സമ്മതിച്ചിട്ടില്ലെന്നും വിവരമുണ്ട്.

ഒപ്പം അന്ന് കണ്ടെത്തിയ ആയുധത്തെക്കുറിച്ച് കോടതി നടത്തിയ പരാമര്‍ശവും സി.പി.എം കേന്ദ്രങ്ങള്‍ കേസിലെ നിയമനടപടികളില്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുമെന്നുറപ്പ്. അതേസമയം സുബീഷിനെ മര്‍ദിച്ചുവെന്ന ബി.ജെ.പി ആരോപണം ശക്തമാവുമ്പോഴും മൊഴി സുബീഷ് സ്വമേധയാ നല്‍കിയതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 16 മണിക്കൂറിലധികം നീളുന്ന വീഡിയോയാണ് പൊലീസിന്റെ പക്കലുള്ളത്.