ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിച്ചു. സിബിഐ അന്വേഷിക്കേണ്ട പ്രാധാന്യമില്ലെന്നും കേസുകളുടെ ബാഹുല്യമുണ്ടെന്നുമാണ് കത്തിൽ പറയുന്നത്. ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാരിന് രേഖാമൂലം മറുപടി ലഭിക്കുന്നത്. കേസേറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതിയെ നേരത്തെ സിബിഐ അറിയിച്ചിരുന്നു.
ജോയിൻറ് ഡയറക്ടർ നാഗേശ്വര റാവുവാണ് കത്ത് നൽകിയത് . ജിഷ്ണു കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ നൽകിയ കത്ത് കണ്ടിട്ടില്ലെന്നായിരുന്നു സിബിഐ കോടതിയിൽ ആദ്യം വിശദീകരിച്ചത്. പക്ഷെ ആഗസ്റ്റ് 10ന് സർക്കാർ നൽകിയ നൽകിയ കത്തിലെ ആവശ്യങ്ങള്‍ മറുപടിയിൽ സിബിഐ വിവരിക്കുന്നുണ്ട്. കേസുകളുടെ ബാഹുല്യം കാരണം കേസേറ്റെടുക്കാനാവില്ലെന്ന് സിബിഐയുടെ നിലപാടിൽ സർക്കാറിന് അമർഷമുണ്ട്. അതേ സമയം സുപ്രീം കോടതിയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണ് സർക്കാറിന്റെയും ജിഷ്ണുവിന്റെ ബന്ധുക്കളും പറയുന്നത്.
നേരത്തെ ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സാധാരണ സ്വഭാവമുള്ളതാണെന്നും അത് അന്വേഷിക്കാനുള്ള കാര്യശേഷി സംസ്‌ഥാന പൊലീസിനുണ്ടെന്നും സിബിഐ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. കേസ് അന്വേഷിക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ അറിയിപ്പു ലഭിച്ചില്ലെന്നു നേരത്തെ കോടതിയിൽ വാക്കാൽ പറഞ്ഞ സിബിഐ, ഓഗസ്‌റ്റ് 10നു സർക്കാർ കത്തു നൽകിയതാണെന്ന് സത്യവാങ്‌മൂലത്തിൽ വ്യക്‌തമാക്കിയിരുന്നു.
കഴിഞ്ഞ ഒൻപതിനു കേസ് പരിഗണിച്ചപ്പോൾ, അമിത ജോലിഭാരമുള്ളതിനാൽ ജിഷ്‌ണുക്കേസ് അന്വേഷിക്കാനാവില്ലെന്നു സിബിഐ അഭിഭാഷകൻ വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ, സത്യവാങ്‌മൂലം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. കേരള സർക്കാരും ഹൈക്കോടതിയും അന്വേഷണത്തിനു നിർദേശിച്ചിട്ടുള്ള അഴിമതി നിരോധന നിയമ കേസുകൾക്കും മറ്റുള്ളവയ്‌ക്കും പുറമെ ഒട്ടേറെ കേസുകൾ അന്വേഷിക്കാനുണ്ടെന്നു തിരുവനന്തപുരത്തെ എസ്‌പി കെ.എം.വർക്കി നൽകിയ സത്യവാങ്‌മൂലത്തിൽ വിശദമാക്കിയിരുന്നു.
