യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ക്യാബിനറ്റ് രഹസ്യങ്ങളും ആഭ്യന്തര ചര്‍ച്ചകളുടെ വിവരങ്ങളും ക്രിസ്ത്യന്‍ മിഷേലിന് ലഭിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സികൾ.

ദില്ലി: യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ക്യാബിനറ്റ് രഹസ്യങ്ങളും ആഭ്യന്തര ചര്‍ച്ചകളുടെ വിവരങ്ങളും ക്രിസ്ത്യന്‍ മിഷേലിന് ലഭിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സികൾ. ഹെലികോപ്റ്റര്‍ കരാര്‍ സംബന്ധിച്ച് മന്ത്രിമാർ തമ്മിലുണ്ടായിരുന്ന ഭിന്നതയെ കുറിച്ചും അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് സിഇഒക്ക് മിഷേൽ അയച്ച കത്തുകളിലുണ്ട്.

അഗസ്റ്റ് വെസ്റ്റ് ലാന്‍ഡ് ഇടപാടിനെക്കറിച്ചുള്ള അന്വേഷണത്തിനിടെ നിരവധി രേഖകള്‍ വിദേശ ഏജന്‍സികള്‍ പിടിച്ചെടുത്ത് സിബിഐക്ക് കൈമാറിയിരുന്നു. ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍, കമ്പനി സിഇഒ ഗിസപ്പെ ഓര്‍സിക്ക് അയച്ച കത്തുകളും ഇതില്‍ ഉള്‍പ്പെടും. യുപിഎ സര്‍ക്കാരില്‍ മിഷേലിന്‍റ സ്വാധീനം എത്രയെന്ന് വ്യക്തമാക്കുന്നതാണ് ഈ കത്തുകളെന്ന് സിബിഐ പറയുന്നു. മന്ത്രിസഭയുടെയും സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ ഉപസമിതിയുടെയും ചര്‍ച്ചകള്‍ കൃത്യമായി മിഷേലിന് ചോര്‍ന്ന് കിട്ടിയിരുന്നു. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ കത്തുകളിലൂടെ മിഷേല്‍ കമ്പനിയെ അറിയിച്ചിരുന്നു.

രണ്ട് മാസത്തിന് ശേഷം നടക്കാന്‍ പോകുന്ന മന്ത്രിസഭാ ഉപസമിതിയുടെ അജണ്ടയെക്കുറിച്ച് ഒരു കത്തില്‍ പറയുന്നു. ഒക്ടോബര്‍ മൂന്നിന് ചേരുന്ന യോഗം ഹെലികോപ്റ്റര്‍ കരാറിന് അനുമതി നല്‍കുമെന്ന് കത്തിലുണ്ട്. സിബിഐയുടെയും എന്‍ഫോഴ്സ്മെന്‍റിന്‍റെയും ചോദ്യം ചെയ്യലില്‍ മിഷേല്‍ കത്തുകള്‍ ശരിവെക്കുന്നുണ്ട്.

ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാക്കിയ നോട്ട്, ദുര്‍ബലമാണെന്ന് മറ്റൊരു കത്തില്‍ പറയുന്നു. പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെയും ജോയിന്‍റെ സെക്രട്ടറിയുടെയും നിഷേധ നിലപാടാണ് ഇതിന് പിന്നില്‍. ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരുമെന്നും കത്തിലുണ്ട്. കരാറിന്‍റെ കാര്യത്തില്‍ ധനകാര്യ, പ്രതിരോധ മന്ത്രിമാര്‍ ഒരു സ്വരത്തിലല്ല സംസാരിക്കുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ മറ്റൊരു കത്തില്‍ വിവരിക്കുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലാണ് മിഷേല്‍ ഇപ്പോഴുള്ളത്.