തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ കോഴവിവാദത്തിൽ നിർദ്ദേശം കിട്ടിയാൽ അന്വേഷണം ഏറ്റെടുക്കാൻ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു കോഴവിവാദത്തിലെ ഇടനിലക്കാരൻ സതീഷ് നായർ മൻമോഹൻസിംഗുമായി നില്ക്കുന്ന ചിത്രം വാട്ട്സ്ആപ്പ് പ്രൊഫൈലിൽ നിന്ന് മാറ്റി. ബിജെപി നേതാക്കൾ ഉൾപ്പെട്ട കോഴവിവാദത്തിലെ പ്രധാന ഇടനിലക്കാരൻ സതീഷ് നായർ മൻമോഹൻസിംഗിന്‍റെ കാലത്ത് പ്രധാനമന്ത്രിയുടെ വസതിയിലും എത്തിയിരുന്നെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പൊതുകൂടിക്കാഴ്ചയ്ക്കുള്ള അവസരം ഉപയോഗിച്ച് വസതിയിൽ കയറിയതാവാം എന്നാണ് അധികൃതരുടെ നിഗമനം. സതീഷ് നായരുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ ചിത്രമായി മൻമോഹൻസിംഗിനൊപ്പമുള്ള ചിത്രമാണ് നല്കിയിരുന്നത്. എന്നാൽ വാർത്ത വന്നശേഷം ഈ ചിത്രം പ്രൊഫൈലിൽ നിന്ന് മാറ്റി. കോവവിവാദത്തിനു ശേഷം മുങ്ങിയ സതീഷ് നായർക്ക് എല്ലാ വിവരവും കിട്ടുന്നുണ്ട് എന്നതിന്റെ സൂചയാണിത്.
തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഇതുവരെ നിർദ്ദേശം നല്കിയിട്ടില്ല. എന്നാൽ അന്വേഷണം ഏറ്റെടുക്കാൻ തടസ്സമില്ലെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ടുള്ള അജ്ഞാത പരാതികൾ പോലും ഏജൻസി പരിശോധിക്കാറുണ്ട്. കേരളത്തിലെ യൂണിറ്റ് അന്വേഷിക്കണോ ദില്ലിയിൽ വേണോയെന്ന് നിർദ്ദേശം കിട്ടിയ ശേഷമേ തീരുമാനിക്കാനാകൂ. കേരളത്തിൽ അന്വേഷണം നടത്തുന്ന വിജിലൻസിന് ദില്ലിയിലെത്തി ഇടനിലക്കാരെ പിടിക്കാനോ ചോദ്യം ചെയ്യാനോ തടസ്സമില്ല.
എന്നാൽ കേന്ദ്ര സർക്കാർ തലത്തിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസി തന്നെ വേണ്ടി വരും എന്ന് സിബിഐ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ബിജെപിയിൽ ഒരു വിഭാഗം സിബിഐ അന്വേഷണത്തിന് എതിരെ വാദിക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് വിവരം പൂർണ്ണമായും കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് കേന്ദ്ര നേതാക്കൾ വ്യക്മതാക്കി.
