തിരുവനന്തപുരം: ശ്രീജിവന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉത്തരവ് ഉടനിറങ്ങുമെന്നും കുമ്മനം അറിയിച്ചു.

സഹോദരന്‍ ശ്രീജിവന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷിക്കമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 766 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ അവസ്ഥ ആറ് ദിവസം മുന്‍പ് ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിനെ കാണാനും ഐക്യദാര്‍ഢ്യം അറിയിക്കാനുമെത്തിയിരുന്നു.

അതേസമയം, ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ശ്രീജിത്ത്. പിന്തുണ അറിയിച്ചെങ്കിലും നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് ശ്രീജിത്ത്. അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു തീരുമാനം.