ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിലെ കൈക്കൂലി അടക്കമുള്ള അഴിമതി തടയുന്നതിനാണ് പല ഭാഗത്തായി 16 ക്യാമറകള്‍ സ്ഥാപിച്ചത്. മുന്‍വര്‍ഷത്തെ ഓഡിറ്റില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കോടികളുടെ അഴിമതി കണ്ടെത്തിയതും ഇതിനു കാരണമായിരുന്നു. ക്യാമറ സ്ഥാപിച്ചതിനെതിരെ ജീവനക്കാരില്‍ ചിലരുടെ പ്രതിഷേധം ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ അസഭ്യ വര്‍ഷത്തില്‍ വരെയെത്തി. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കി. ഇതിലെരു ക്യാമറയില്‍ മാര്‍ച്ച് മൂന്നാം തീയതിയാണ് അഴിമതി കൈക്കൂലി വാങ്ങുമ്പോള്‍ കലണ്ടര്‍ കൊണ്ട് ക്യാമറ മറയ്ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ഓഫീസിലാണ് സംഭവം നടന്നത്. കോണ്‍ട്രാക്ടര്‍മാര്‍ വരുമ്പോള്‍ ഓഫീസിലെ പ്യൂണായ അന്നക്കൊടി ക്യമറ മറയ്‌ക്കാന്‍ കലണ്ടറുമായി എത്തും. മൂന്നാര്‍ പഞ്ചായത്തില്‍ നിന്നും പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ വാങ്ങിയാണ് അന്നക്കൊടി ഇവിടെത്തിയത്. ജീവനക്കാര്‍ കൈക്കൂലി നല്‍കുന്നത് പുറത്തറിയാതിരിക്കാന്‍ സഹായം ചെയ്യുന്നത് ഇദ്ദേഹമാണ്. ക്യാമറ സ്ഥാപിക്കുന്നതിനെതിരെ രംഗത്തുണ്ടായിരുന്ന ജീവനക്കാരിലൊരാളും ഈ സമയത്ത് ഓഫീസിലുണ്ട്. ഇയാളുടെ അറിവോടെയാണ് പ്യൂണ്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്ന് ഈ ദൃശ്യങ്ങളില്‍ നിന്നും മനസ്സില്ലാക്കാം.
സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ പ്യൂണ്‍ അന്നക്കൊടിയോട് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം സുതാര്യമാക്കാന്‍ ലക്ഷങ്ങള്‍മുടക്കി സ്ഥാപിച്ച ക്യാമറകള്‍ ഗാന്ധിജിയുടെ പടമുള്ള കലണ്ടര്‍ കൊണ്ടു മറച്ച് അഴിമതി തുടരുന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണിത്.
