തിരുവനന്തപുരം : ആറ്റുകാൽ ദേവി ആശുപത്രിയിലെ ഗുണ്ടാ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായി. ഞായറാഴ്ച്ച നടന്ന ആക്രമണത്തിൽ ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഗുണ്ടാ ആക്രമണത്തില്‍ 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആശുപത്രി ഡയറക്ടർ
അറിയിച്ചു.
അപകടത്തിൽ പെട്ട യുവാവിനെ ചികിത്സിക്കണം എന്നാവശ്യപ്പെട്ട് എത്തിയ 15 അംഗ സംഘം പരിശോധനാ മുറിയിൽ കയറണമെന്ന് വാശി പിടിച്ചു. ഇത് അനുവദിക്കാൻ ആവില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണം. സിപിഎം ചാല ലോക്കൽ കമ്മിറ്റി എന്നെഴുതിയ ബനിയൻ ധരിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. മരുതൂർകടവിലുള്ള ഡി വൈ എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു.
അക്രമം നടന്ന ഉടൻ തന്നെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും 2 മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസ് എടുത്തു.
