Asianet News MalayalamAsianet News Malayalam

സിമന്‍റ് കമ്പനികള്‍ തോന്നിയത് പോലെ വില വര്‍ധിപ്പിക്കുന്നു; സർക്കാരിനെതിരെ വ്യാപാരികൾ

വില നിയന്ത്രണത്തിന് സർക്കാർ മുൻകയ്യെടുക്കാത്തത് മൂലമാണ് കമ്പനികൾ തോന്നുംപടി വിലവർദ്ധിപ്പിക്കുന്നതെന്നാണ് പരാതി. പൊതുമേഖലാ സ്ഥാപനമായ മലബാർസിമന്‍റ്സും കഴിഞ്ഞ ദിവസം വില വർദ്ധിപ്പിച്ചിരുന്നു.

cement price hike in kerala
Author
Kozhikode, First Published Feb 4, 2019, 8:07 AM IST

കോഴിക്കോട്: സംസ്ഥാനത്തെ സിമന്‍റ് വിലവർദ്ധനവിൽ സർക്കാരിനെതിരെ വ്യാപാരികൾ. വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരിസംഘടനകൾ കുറ്റപ്പെടുത്തി. സർക്കാർ നിഷ്ക്രിയത്വം തുടർന്നാൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോവാനാണ് വ്യാപാരികളുടെ തീരുമാനം.

സിമന്‍റിന് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സംസ്ഥാനത്ത്. ഒരു ബാഗ് സിമന്‍റിന് 40 മുതൽ 50 രൂപ വരെയാണ് കഴിഞ്ഞദിവസം കമ്പനികൾ വർദ്ധിപ്പിച്ചത്. 380 മുതൽ 430 രൂപവരെയാണ് നിലവിൽ ഒരുബാഗ് സിമന്‍റിന്‍റെ വില.പ്രതിമാസം എട്ട് മുതൽ ഒന്‍പത് ലക്ഷം ടൺ സിമന്‍റ് വരെ വിൽപ്പന നടത്തുന്ന സംസ്ഥാനത്ത് നിന്ന് ഒടുവിലത്തെ വിലവർദ്ധനവിലൂടെ മാത്രം കമ്പനികൾക്ക് 100 കോടിയോളം രൂപ അധികമായി ലഭിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

വില നിയന്ത്രണത്തിന് സർക്കാർ മുൻകയ്യെടുക്കാത്തത് മൂലമാണ് കമ്പനികൾ തോന്നുംപടി വിലവർദ്ധിപ്പിക്കുന്നതെന്നാണ് പരാതി. പൊതുമേഖലാ സ്ഥാപനമായ മലബാർസിമന്‍റ്സും കഴിഞ്ഞ ദിവസം വില വർദ്ധിപ്പിച്ചിരുന്നു. അടിക്കടി ഉണ്ടാവുന്ന വിലവർദ്ധനവ് സിമന്‍റ് വ്യാപാരം ഗണ്യമായി കുറക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.

നിർമ്മാണമേഖല സ്തംഭാനവസ്ഥയിലാവും. പ്രളയാനന്തര പുനർനിർമ്മാണങ്ങളെയും വിലവർദ്ധനവ് ബാധിക്കും.വിലവർദ്ധനവ്  നിയന്ത്രിക്കാൻ സർക്കാർ നടപടിസ്വീകരിച്ചില്ലെങ്കിൽ വിൽപ്പന നിർത്തി വെയ്ക്കുന്നതുൾപ്പെടെയുള്ള സമരമാർഗങ്ങളിലേക്ക് കടക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. വിലവർദ്ധനവിനെതിരെ കോമ്പിറ്റീഷൻ കമ്മീഷനെ സമീപിക്കാനും നീക്കമുണ്ട്. 

Follow Us:
Download App:
  • android
  • ios