Asianet News MalayalamAsianet News Malayalam

വിവാഹേതര ലൈംഗിക ബന്ധം; ചരിത്ര വിധി തിരിച്ചടിയായത് കേന്ദ്ര സര്‍ക്കാരിന്

വിവാഹത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് വേണ്ടി ഈ നിയമം റദ്ദാക്കരുതെന്നും വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം ഏങ്ങനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്ന് കോടതി ചോദിച്ചു.

central govt stand over Section 497
Author
Delhi, First Published Sep 27, 2018, 12:23 PM IST

ദില്ലി: ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് എന്ന വാദം ഉന്നയിച്ച് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി തുടരണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ഭരണഘടനയിലെ 158 വര്‍ഷം പഴക്കമുള്ള 497ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. 
വിവാഹിതയായ സ്ത്രീയുമായി ഒരു പുരുഷന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ പ്രസ്താവിച്ചു. 

നിലവില്‍ പുരുഷന്‍ മാത്രമാണ് 497ാം വകുപ്പിന്‍റെ പരിധിയില്‍ വരുന്നത്.  അതിനാല്‍ സ്ത്രീകളെ കൂടി കുറ്റവാളികളാക്കണമെന്നാണ് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടത്. വിവാഹത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് വേണ്ടി ഈ നിയമം റദ്ദാക്കരുതെന്നും വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. 

എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം ഏങ്ങനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്ന് കോടതി ചോദിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമാകുന്നതിനെതിരെയാണ് കോടതി നിലകൊണ്ടത്. നേരത്തേ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ ഇരയും പുരുഷനെതിരെ ക്രിമിനല്‍ കുറ്റവും നിലനിന്നിരുന്നു. 

പ്രവാസി മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.  എന്നാല്‍ പുരുഷന്‍ സ്ത്രീയുടെ ഉടമയല്ലെന്ന് വ്യക്തമാക്കിയ കോടതി നിയമം തന്നെ റദ്ദാക്കി. 

കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ 158 വര്‍ഷം പഴക്കമുള്ള വിധിയില്‍ പിടിച്ച് നിന്നപ്പോഴാണ് സമൂഹത്തിന്‍റെ ഇച്ഛയ്ക്കനുസരിച്ച് സ്ത്രീ ചിന്തിക്കുകയും ജീവിക്കുകയും വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന ഏറെ നിര്‍ണായകമായ പ്രസ്താവം കോടതിയില്‍നിന്ന് ഉണ്ടായത്. ദീപക് മിശ്ര പുറപ്പെടുവിച്ച പ്രസ്താവം സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള നിര്‍ണായക വിധിയാണെന്നാണ് വിലയിരുത്തല്‍. 

ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ ചരിത്ര വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ സ്വവര്‍ഗ്ഗ അനുരാഗത്തെ അനുകൂലിച്ച്, ക്രിമിനല്‍ കുറ്റമായിരുന്ന 377ാം വകുപ്പ് കോടതി റദ്ദാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios