ദില്ലി: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിയമവിരുദ്ധമായി ആളുകളെ റിക്രൂട് ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നതു മുന്നില്‍കണ്ട് ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം തടയണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഗള്‍ഫ് രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, വിദേശകാര്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ ചെലവില്‍ നൈപുണ്യവികസന പരിപാടികള്‍ വ്യാപകമാക്കിയതായും നോര്‍ക്കവഴിയുള്ള അംഗീകൃത റിക്രൂട്മെന്‍റ് സജീവമാക്കിയതായും സംസ്ഥാന പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.