ദില്ലി: കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് കടുത്ത നിമയലംഘനമെന്ന് കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അതിനിടെ നിരോധിത രാസവസ്‌തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വന്‍ തോതില്‍ ഉപയോഗിച്ചതായി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌പ്ലോസീവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വെടിക്കെട്ട് നടത്തുന്നതിനുള്ള ദൂരപരിധി പാലിച്ചില്ല. റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നാണ് സൂചന. ബാരലുകള്‍ പകുതിയോളം മണ്ണില്‍ കുഴിച്ചിടണമെന്ന ചട്ടം പാലിച്ചില്ലെന്ന് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌പ്ലോസീവിന്റെ പരിശോധനയില്‍ വ്യക്തമായി. ബാരലുകള്‍ ബന്ധിക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ബാരല്‍ ചരിഞ്ഞാണ് ദുരന്തമുണ്ടായതെന്നും വ്യക്തമായിട്ടുണ്ട്. സുദര്‍ശന്‍ കമാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്.